ഇനി പിഎഫ് തുക ലളിതമായി പിന്‍വലിക്കാം; ചെക്ക് ലീഫും പാസ്ബുക്കും അപ്‌ലോഡ് ചെയ്യേണ്ട

ഇപിഎഫ്ഒ പിന്‍വലിക്കലും ക്ലെയിം തീര്‍പ്പാക്കലും കേന്ദ്രം ലഘൂകരിച്ചു

ഇനി പിഎഫ് തുക ലളിതമായി പിന്‍വലിക്കാം; ചെക്ക് ലീഫും പാസ്ബുക്കും അപ്‌ലോഡ് ചെയ്യേണ്ട
dot image

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), പണം പിന്‍വലിക്കലും ക്ലയിമുകളുടെ തീര്‍പ്പാക്കലും ലഘൂകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ക്ലെയിം നിരസിക്കലുകള്‍ കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍.

ചെക്ക് ലീഫുകളോ അറ്റസ്റ്റ് ചെയ്ത പാസ്ബുക്കുകളോ അപ്‌ലോഡ് ചെയ്യേണ്ടതില്ല

ഓണ്‍ലൈന്‍ ക്ലെയിമുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ അംഗങ്ങള്‍ ചെക്ക് ലീഫിന്റെയോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കെവൈസി-അപ്ഡേറ്റ് ചെയ്ത അംഗങ്ങള്‍ക്കായി ഒരു പൈലറ്റ് പ്രോജക്റ്റായി തുടക്കത്തില്‍ നടപ്പിലാക്കിയ ഈ പരിഷ്‌കാരം 2024 മെയ് 28ന് ആരംഭിച്ചതിനുശേഷം 1.7 കോടി ഇപിഎഫ് അംഗങ്ങള്‍ക്ക് പ്രയോജനം ചെയ്തു.

പൈലറ്റ് പദ്ധതിയുടെ വിജയത്തെത്തുടര്‍ന്ന്, ഇപിഎഫ്ഒ ഇപ്പോള്‍ എല്ലാ അംഗങ്ങള്‍ക്കും ഈ ഇളവ് നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന സമയത്ത് ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര് ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുള്ളതിനാല്‍, ഈ അധിക രേഖകള്‍ ഇനി ആവശ്യമില്ല. അതുകൊണ്ടുതന്നെ മോശം ഗുണനിലവാരമുള്ളതും വായിക്കാന്‍ കഴിയാത്തതുമായ അപ്ലോഡുകള്‍ മൂലമുണ്ടാകുന്ന ക്ലെയിം നിരസിക്കലുകള്‍ ഇതുമൂലം ഇല്ലാതാക്കും.

ബാങ്ക് അക്കൗണ്ട് യുഎഎന്നുമായി ബന്ധിപ്പിക്കാന്‍ തൊഴിലുടമയുടെ അനുമതി വേണ്ട

ബാങ്ക് വെരിഫിക്കേഷന് ശേഷം ബാങ്ക് അക്കൗണ്ടുകള്‍ യുഎഎന്നുമായി ബന്ധിപ്പിക്കുമ്പോള്‍ തൊഴിലുടമയുടെ അംഗീകാരം വേണമെന്ന നിബന്ധനയും ഇപിഎഫ്ഒ നീക്കം ചെയ്തിട്ടുണ്ട്.

7.74 കോടി അംഗങ്ങളില്‍ 4.83 കോടി പേര്‍ ഇതിനകം തന്നെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുഎഎനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ അംഗവും പിന്‍വലിച്ച പിഎഫ് തുക അവരുടെ അക്കൗണ്ടിലേക്ക് തടസമില്ലാതെ എത്തുന്നതിന് ബാങ്ക് അക്കൗണ്ട് യുഎഎന്‍ ഉപയോഗിച്ച് സീഡ് ചെയ്യണം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1.3 കോടി അംഗങ്ങളാണ് ഇതിനായി അപേക്ഷിച്ചത്. തൊഴിലുടമ ഈ ബാങ്ക് പ്രക്രിയ അംഗീകരിക്കാന്‍ എടുക്കുന്ന ശരാശരി സമയം ഏകദേശം 13 ദിവസമാണ്. ഇത് തൊഴിലുടമയുടെ ജോലിഭാരം കൂട്ടുന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് സീഡിങ് വൈകാനും കാരണമായിരുന്നു.

Content Highlights :Now you can withdraw PF amount easily, no need to upload cheque leaf and passbook

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us