

അപകടകരമായ ജൈവായുധങ്ങള്‍ സൃഷ്ടിക്കുന്നതിനായി നിര്‍മ്മിത ബുദ്ധി (എഐ) ദുരുപയോഗം ചെയ്‌തേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. എഐ ദുരുപയോഗം തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ആശങ്കയുണ്ട്. എന്നാല്‍ പല നിര്‍ണായക കണ്ടുപിടുത്തങ്ങളിലൂടെയും ഭാവിയെ പടുത്തുയര്‍ത്തുന്നതില്‍ എഐക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

70 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ നമുക്ക് ചുറ്റുമുള്ള ലോകം വളരെ മികച്ചതാണ്… ഗേറ്റ്‌സ് പറഞ്ഞു. ''മനുഷ്യര്‍ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളിലും വച്ച് നോക്കുമ്പോള്‍, എഐക്ക് സമൂഹത്തെ കൂടുതല്‍ മാറ്റിമറിക്കാന്‍ സാധിക്കും. മുന്‍കാല കണ്ടുപിടുത്തങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അനേകം പുതിയ വെല്ലുവിളികള്‍ കൊണ്ടുവരും.
എഐയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ രണ്ട് അപകടസാധ്യതകള്‍ തൊഴില്‍ നഷ്ടവും തട്ടിപ്പുകാരുടെ എഐ ഉപയോഗവുമാണ്. അടുത്ത പത്തു വര്‍ഷങ്ങളില്‍ ഈ രണ്ട് പ്രശ്‌നങ്ങളും ലോകത്തിന് വെല്ലുവിളിയാവും. അതിനാല്‍ എഐ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനമാണ്. ഈ സാങ്കേതികവിദ്യ എങ്ങനെ വികസിപ്പിക്കുകയും നിയന്ത്രിക്കുകയും വിന്യസിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015ല്‍ ലോകം ഒരു മഹാമാരിക്ക് തയ്യാറായിട്ടില്ലെന്ന് അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ മുന്നറിയിപ്പ് കൂടുതല്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍, കോവിഡിനെ ചെറുക്കാനാകുമായിരുന്നു. അതേസമയം ഇനി അതിലും വലിയ ഭീഷണി ലോകം നേരിടേണ്ടി വന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കും അതിഭീകര ജൈവായുധം സൃഷ്ടിക്കാന്‍ ഓപ്പണ്‍ സോഴ്സ് എഐ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്നുള്ള സാധ്യത തള്ളിക്കളയാനാവില്ല.
രണ്ടാമത്തെ പ്രധാന ആശങ്ക തൊഴില്‍ മേഖലയിലെ ആഘാതമായിരിക്കും. കുറഞ്ഞ അധ്വാനം ഉപയോഗിച്ച് കൂടുതല്‍ സാധനങ്ങളും സേവനങ്ങളും നിര്‍മ്മിക്കാന്‍ എഐ വഴി സാധിക്കും. എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഈ കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയണം. എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍, പ്രവൃത്തി ദിനങ്ങള്‍ കുറയ്ക്കാനാകും.
Content Highlights: Bill Gates warns that artificial intelligence could lead to significant job losses and AI being misused by scammers.