
ഹൈദരാബാദിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കരതന്നെയാണ്. അതിലൊരു മാറ്റം വരാന്‍ പോവുകയാണ്. ഇനി ഈ നഗരത്തിന് സ്വന്തമായി ഒരു ബീച്ച് തന്നെ ഉണ്ടാകും. ഞെട്ടണ്ട! പറഞ്ഞത് തെലങ്കാന സംസ്ഥാന സർക്കാരാണ്. ഈ വർഷം അവസാനത്തോടെ ഈ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ഹൈദരാബാദിലെ വൈകുന്നേരങ്ങൾ കൃത്രിമ മണൽ തീരത്ത് ആസ്വദിക്കാമെന്നാണ് പറഞ്ഞുവരുന്നത്. തെലങ്കാന സർക്കാർ ഒന്നും രണ്ടുമല്ല 225 കോടിക്കാണ് ഈ പദ്ധതിക്കായി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. നഗരത്തിലെ ഔട്ട് റിങ് റോഡിന് കുറച്ചകലെ കോട്ട്വാൾ ഗുഡയിലെ 35 ഏക്കറിലാണ് ഈ കൃത്രിമ ബീച്ച് സൃഷ്ടിക്കുന്നത്.
ഈ വർഷം ഡിസംബറിൽ സ്വകാര്യ - പൊതു പങ്കാളിത്തത്തിലാണ് നിർമാണം ആരംഭിക്കുക. ഇതോടെ നഗരത്തിലെ ഏറ്റവും കാത്തിരിക്കുന്ന എന്റർടെയ്‌മെന്റ് പദ്ധതിയായി മാറിയിരിക്കുകയാണ് ഇത്. എല്ലാ തരത്തിലും ആളുകളെ ആകർഷിക്കുന്ന ഒരു ബീച്ചാണ് ഇവിടെ നിർമിക്കുന്നത്. ഇവിടെ ഫ്‌ളോട്ടിംഗ് വില്ലകളുണ്ടാകും. നല്ല ജലാശയ കാഴ്ചകളുടെ വിരുന്നാണ് മറ്റൊരു ആകർഷകമായ കാര്യം. കുട്ടികൾക്കായി വേവ് പൂൾ, പ്ലേ സോൺ, സൈക്ലിങ് ട്രാക്ക്, പാർക്കുകൾ, ഫുഡ് കോർട്ടുകൾ എന്നിവയുമുണ്ടാകും. വാട്ടർ റൈഡുകൾക്കും തിയേറ്റർ ഷോകൾക്കും ഇടയിലുള്ള പിറ്റ്‌സ്റ്റോപ്പുകളാവും ഇവ.
അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർക്കായി ബോട്ടിങ്, വാട്ടർ സ്‌പോട്‌സുകൾ, മറ്റ് ആവേശമുണർത്തുന്ന പരിപാടികൾ എന്നിവയും ഉണ്ടാകും. വെയിൽ കൊള്ളാൻ ആഗ്രഹിക്കുന്നവർക്ക് ആ സൗകര്യവും കടൽകാറ്റ് കൊണ്ട് നടക്കാൻ ഇഷ്ടപ്പെടുന്നവർക്കായി അത്തരം സജ്ജീകരണങ്ങളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ടാവും.
നഗരത്തിലുള്ളവർക്കും മറ്റ് സഞ്ചാരികൾക്കും പെട്ടെന്ന് എത്താനുള്ള സൗകര്യം നോക്കിയാണ് കോട്ടാൽ ഗുഡ തന്നെ ഈ വമ്പൻ പദ്ധതിക്കായി തെരഞ്ഞെടുത്തത്. എക്കോ ഫ്രണ്ട്‌ലി ആയിരിക്കും നിർമാണ വസ്തുക്കൾ, ഒപ്പം ജലസംരക്ഷണത്തിനായുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. കൃത്രിമമായി ബീച്ച് നിർമിക്കുമ്പോൾ അത് പ്രകൃതിക്ക് ഹാനികരമാകരുതെന്ന നിർബന്ധത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തെലങ്കാന സ്റ്റേറ്റ് ടൂറിസം ഡിപ്പാർട്ട്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ പട്ടേൽ രമേശ് റെഡ്ഡി അന്താരാഷ്ട്ര നിക്ഷേപകർ ഇതിന്റെ ഭാഗമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലുള്ളവർക്ക് മാത്രമല്ല ലോകമെന്പാടുമുള്ളവർ എത്തിപ്പെടുന്ന തരത്തില്‍ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ഡെസ്റ്റിനേഷനുകളിൽ ഇടംപിടിക്കാൻ ഈ ബീച്ചിനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബിരിയാണിക്കും മുത്തുകൾക്കും ചരിത്രപരമായ പ്രാധാന്യവുമായി ബന്ധപ്പെട്ട് മാത്രമല്ല ടൂറിസ്റ്റുകൾക്ക് ഗോവ പോലെ പ്രിയപ്പെട്ട ഇടമായി ഹൈദരാബാദ് മാറണമെന്ന ഒരു ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.
Content highlights: Hyderabad to get an artificial beach at the end of 2025