
മലപ്പുറം: മലമ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പൊന്നാനിയിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. അതിഥി തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് ഈ നീക്കം. മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് അവലോകന യോഗം പൊന്നാനിയില്‍ നടന്നു. പൊന്നാനി നഗരസഭയില്‍ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി രാത്രികാലങ്ങളിലും വൈകുന്നേരങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് ജൈവ കൊതുകുനാശിനി സ്പ്രേ ചെയ്യാൻ യോഗം തീരുമാനിച്ചു.
കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. മലമ്പനി പിടിപെട്ട വാർഡ് അഞ്ചിന് പുറമെ നാല്, ആറ്, ഏഴ്, 31 എന്നീ സമീപ വാർഡുകളിലെ വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗ നിർണയം നടത്തും. മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാൻ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി. അവലോക യോഗത്തില്‍ പൊന്നാനി നഗസഭാ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അതേസമയം മലമ്പനി ബാധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അഥിതി തൊഴലാളി ആശുപത്രി വിട്ടു. അതിഥി തൊഴിലാളി താമസിച്ചിരുന്ന മമ്പാട് പഞ്ചായത്തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റാര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ നഗരസഭ വരുത്തിയ വീഴ്ച്ചയാണ് മലമ്പനിപോലുള്ള പകര്‍ച്ച വ്യാധിക്ക് കാരണമായതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.
കഴിഞ്ഞ ദിവസം മലപ്പുറത്ത് രണ്ടു പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തുകയായിരുന്നു. നാല് പേരടങ്ങുന്ന പത്ത് സംഘങ്ങളായാണ് വീടുകൾ സന്ദർശിച്ചത്.