'ആരും സമ്പർക്ക പട്ടികയിലില്ല'; ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ

ആയഞ്ചേരിയിലും മരുതോങ്കരയിലും നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടു
'ആരും സമ്പർക്ക പട്ടികയിലില്ല'; ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ആരും തന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ നിലവിൽ ഐസൊലേഷനിലാക്കി നിരീക്ഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡോ. ആർ രേണുക വ്യക്തമാക്കി.

കോഴിക്കോട് ആയഞ്ചേരിയിലും മരുതോങ്കരയിലും നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ആയഞ്ചേരി സ്വദേശിക്ക് രോ​ഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബർ ആറിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലും സന്ദർശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അതേ ദിവസം റൂബിയൻ മാർക്കറ്റ് സന്ദർശിച്ചു. രോ​ഗലക്ഷണങ്ങൾ മൂർച്ഛിച്ചതോ‌ടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോ​ഗ്യ കേന്ദ്രത്തിലെത്തി. ആരോ​ഗ്യ കേന്ദ്രത്തിൽ പോയ അതേ ദിവസം തന്നെ ഇഖ്റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് കയറി.

സെപ്റ്റംബർ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയിൽ വില്യാപ്പളളിയിലെ ആരോ​ഗ്യകേന്ദ്രത്തിൽ പോയി. സെപ്റ്റംബർ പത്തിന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലേക്കും അന്ന് പോയി. സെപ്റ്റംബർ 11ന് രാവിലെ ഡോക്ടർ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്ന് തന്നെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വടകര കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെ നിന്ന് ആണ് മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഓ​ഗസ്റ്റ് 22 നാണ് മരുതോങ്കര സ്വദേശിക്ക് രോ​ഗലക്ഷണം കണ്ടുതുടങ്ങിയതെന്ന് റൂട്ട് മാപ്പിൽ പറയുന്നു. ശേഷം ഓ​ഗസ്റ്റ് 23ന് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ഓ​ഗസ്റ്റ് 25ന് മുള്ളൻകുന്ന് ബാങ്കിലും കള്ളാട് ജുമാമസ്ജിദിലും എത്തി. ഓ​ഗസ്റ്റ് 26ന് ക്ലിനിക്കിൽ എത്തി ഡോക്ടറെ കണ്ടു. ഓ​ഗസ്റ്റ് 28ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓ​ഗസ്റ്റ് 30ന് മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിളുകളിൽ മൂന്ന് പേരുടെ സാമ്പിളുകൾ നിപ പോസിറ്റീവാണ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേ‍‌ർക്കും മരിച്ച മം​ഗലാട് സ്വദേശിക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന്‍ മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ട് പേർ. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ ഏഴ് പേരാണ് ചികിത്സയിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com