ഭീകരവാദവും ലൈംഗികാതിക്രമവും അടക്കമുള്ള അതിക്രമങ്ങള്‍ ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാന്‍ യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2025 ജൂണ്‍ 16ന് അപ്ഡേറ്റ് ചെയ്ത ഈ അഡൈ്വസറിയില്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ പ്രദേശങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള ചില ഗ്രാമപ്രദേശങ്ങള്‍ക്കുമുള്ള യാത്രാ ഉപദേശങ്ങള്‍ ഉള്‍പ്പെടെ യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അഡ്വൈസറിയില്‍ പറയുന്നു
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍:
അക്രമവും കുറ്റകൃത്യവും: ഭീകരാക്രമണങ്ങള്‍ മുന്നറിയിപ്പുകള്‍ ഇല്ലാതെ അപ്രതീക്ഷിതമായി സംഭവിക്കാം. പലപ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ ലക്ഷ്യം വെക്കാന്‍ സാധ്യതയുണ്ട്.
പ്രത്യേക അനുമതി: ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന, പടിഞ്ഞാറന്‍ പശ്ചിമബംഗാള്‍ എന്നീ പ്രദേശങ്ങളിലെ ചില ഗ്രാമീണ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക അനുമതി നേടേണ്ടതുണ്ട്.
സാറ്റലൈറ്റ് ഉപകരണങ്ങള്‍: ഇന്ത്യയിലേക്കുള്ള യാത്രയില്‍ സാറ്റലൈറ്റ് ഫോണുകളോ ജിപിഎസ് ഉപകരണങ്ങളോ കൊണ്ടുപോകരുത്. ഇവ കൈവശം വെച്ചാല്‍ 200,000 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം തടവോ ലഭിക്കാം.
വനിതാ യാത്രക്കാര്‍: സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക, സ്ത്രീകള്‍ക്കുള്ള ട്രാവല്‍ ടിപ്പുകള്‍ റിവ്യൂ ചെയ്യുക.
വ്യക്തിപരമായ തയ്യാറെടുപ്പ്: വ്യക്തിഗത സുരക്ഷാ നടപടികള്‍ പാലിക്കുക, ജാഗ്രത പാലിക്കുക, ഓവര്‍സീസ് സെക്യൂരിറ്റി അഡൈ്വസറി കൗണ്‍സിലിന്റെ (OSAC) ഇന്ത്യാ കണ്‍ട്രി സെക്യൂരിറ്റി റിപ്പോര്‍ട്ട് അവലോകനം ചെയ്യുക.
കണ്ടിജന്‍സി പ്ലാനുകള്‍: ഒരു അടിയന്തര പദ്ധതി തയ്യാറാക്കുക, യാത്രക്കാരുടെ ചെക്ക്ലിസ്റ്റ് അവലോകനം ചെയ്യുക, സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ (STEP) ചേരുക.
Content Highlights: US issues Level 2 travel advisory for India