
സോഷ്യൽ മീഡിയയിൽ ചർച്ചയായി ബെംഗളൂരുവിലെ ടെക്കി. മാസം വെറും 18000 രൂപ മാത്രം വാങ്ങിയിരുന്ന ഒരു ഇന്റേണിൽ നിന്നും ഒരു വർഷം 24 ലക്ഷം സമ്പാദിക്കുന്ന നിലയിലേക്കും പിന്നീട് സ്വന്തമായി വീട് വാങ്ങിയതിലേക്കും എത്തി നിൽക്കുന്ന 23 കാരന്റെ പോസ്റ്റാണ് വൈറലാകുന്നത്.
റെഡ്ഡിറ്റിലാണ് യുവാവിന്റെ പ്രചോദിപ്പിക്കുന്ന പോസ്റ്റ്. റെഡ്ഡിറ്റിൽ 23M എന്ന ഐഡിയിലാണ് ഈ പോസ്റ്റ് വരുന്നത്. 'പ്രതിമാസം 12-15 രൂപ മാത്രം സമ്പാദിക്കുന്ന ഒരു കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. കുടുംബ പരമായി യാതൊരു സേവിങ്ങുമില്ല, ഒരു സുരക്ഷിതയുമില്ല. കുറച്ച് സ്വപ്‌നങ്ങളും, പ്രഷറും, നിർത്താതെയുള്ള തിരക്കുകളും മാത്രം.
കഷ്ടപ്പെട്ട് ഒരു ടയർ 1 കോളേജിൽ അഡ്മിഷനെടുത്തു. ആദ്യ ഇന്റേൺഷിപ്പ് 18,000 രൂപയിൽ ആരംഭിച്ചു, പെട്ടെന്ന് തന്നെ മാസം 40,000 രൂപ വേതനം വാങ്ങുവാൻ തുടങ്ങി. 2023 ജുലൈ ആകുമ്പോൾ ഒരു വർഷം 15 ലക്ഷം സമ്പാദിക്കുന്ന നിലയിലേക്ക് ഞാൻ വളർന്നിരുന്നു. ബെംഗളൂരുവിൽ എല്ലാ കാര്യങ്ങളും സ്വന്തമായി കൈകാര്യം ചെയ്യാനും എനിക്ക് സാധിച്ചു.
ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും, ഞാൻ സ്വന്തമായി ഒരു വീട് വാങ്ങി, (സേവിങ്ങ്സ് നഷ്ടപ്പെട്ടു, ലോണുണ്ട്, എന്നാൽ അതെല്ലാം എന്റെ കയ്യിൽ സുരക്ഷിതമാണ്). ഒരു മാക്ബുക്ക്, ഐഫോൺ, പി എസ് 5 എല്ലാം സ്വന്തമാക്കി. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. യാതൊരു പിന്തുണയുമില്ലാതെ സ്ഥിരതയും വിശ്വാസവും മാത്രം കൊണ്ട് നേടിയെടുത്തതാണ് ഇതെല്ലാം. ഈ വർഷം അവസാനം എന്റെ വരുമാനം 50 LPA ആക്കുക എന്നുള്ളതാണ് എന്റെ അടുത്ത ലക്ഷ്യം,' ടെക്കി യുവാവ് കുറിച്ചു.
Content Highlights- 23-Year-Old Bengaluru Techie's Inspirational Journey Goes Viral