
ലണ്ടനിലെ ഇസ്‌കോണ്‍ ഗോവിന്ദ റെസ്റ്റോറന്റില്‍ കയറി ചിക്കന്‍ കഴിച്ച ആഫ്രിക്കന്‍ ബ്രിട്ടീഷ് യുവാവിനെതിരെ വിശ്വാസികള്‍. ബ്രിട്ടീഷ് പൗരനായ ഇയാള്‍ റെസ്റ്റോറന്റിലെത്തി ചിക്കനുണ്ടോയെന്ന് ചോദിച്ചു. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് റെസ്റ്റോറന്റ് ജീവനക്കാര്‍ മറുപടി പറഞ്ഞതിന് പിന്നാലെ ഇയാള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കെഎഫ്‌സി ചിക്കനെടുത്ത് അവിടെയിരുന്ന് കഴിക്കാന്‍ ആരംഭിച്ചു. ഒപ്പം അവിടെയുണ്ടായിരുന്നവരോട് ചിക്കന്‍ വേണോയെന്ന് ചോദിക്കുന്നുമുണ്ടായിരുന്നു.
പിന്നാലെ ജീവനക്കാര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഇയാളെ പിടിച്ച് റെസ്റ്റോറന്റിന് പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ അടക്കം വൈറലാണ്. വര്‍ഗീയതയോ മതപരമായ അസഹിഷ്ണുതയോ മൂലമാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് ദൃശ്യം കണ്ട പലരും ആരോപിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെയും രീതികളെയും പൊതുയിടങ്ങളിലുള്‍പ്പെടെ പരിഗണിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് എതിരെയുള്ള വിദ്വേഷമാണ് ഇതെന്നും അവര്‍ പ്രതികരിക്കില്ലെന്ന് ഉറപ്പുള്ളതാണ് അയാള്‍ക്ക് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ ധൈര്യം നല്‍കിയതെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
1966ല്‍ എ സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഇസ്‌കോണ്‍ സ്ഥാപിച്ചത്. ഭഗവത്ഗീതയും ഇന്ത്യയുടെ വേദവും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നത്. ശ്രീകൃഷ്ണ വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം.
Content Highlights: African British man at ISKCON restaurant ate KFC Chicken