
നിത്യ ജീവിതത്തിൽ ഓർമ്മകുറവ് കാരണം പല ബുദ്ധിമുട്ടുകളും നേരിടുന്നവരാണ് നമ്മൾ. ചില സമയങ്ങളിലത് നമുക്കും മറ്റുള്ളവർക്കും വലിയ തലവേദനയാകാറുമുണ്ട്. എന്നാൽ ഇത്തരം മറവികൾ സ്ഥിരമായാൽ പിന്നീടത് ഡിമെൻഷ്യ, അൽഷിമേഴ്‌സ് പോലുള്ള മാരക രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കും. എന്നാൽ തുടർച്ചയായുള്ള ഇത്തരം ഓർമ്മക്കുറവ് എങ്ങനെയുണ്ടാകുന്നു എന്നത് നമ്മൾ അറിയേണ്ടതുണ്ട്. പല സാഹചര്യങ്ങളിലും ഇത്തരം ഓർമ്മക്കുറവ് കാരണം നമ്മുടെ സ്വഭാവത്തിലും ജീവിത ശൈലിയിലും വരെ വലിയ മാറ്റങ്ങളുണ്ടാകാറുണ്ട്.
എന്തൊക്കെയാണ് പ്രധാന കാരണങ്ങൾ
സ്ലീപ് ഡിപ്രിവേഷൻ (Sleep deprivation) : ശെരിയായ ഉറക്കമില്ലായ്മയാണ് ഇത്തരം മറവി പ്രശ്നങ്ങളുടെ പ്രധാന കാരണമായി പറയുന്നത്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ, തലച്ചോറിന് ഓർമ്മകൾ ഏകീകരിക്കാനുള്ള സമയം ലഭിക്കാതെ വരുകയും അത് പിന്നീട് മാനസിക പിരിമുറുക്കത്തിലേക്കും, ഓർമ്മക്കുറവിനും കാരണമാകുന്നു.
മദ്യപാനം: അമിത മദ്യപാനം ഷോർട് ടെർമ് മെമ്മോറിയെ തകരാറിലാക്കുന്നു. ഇത് മൂലം പെട്ടന്ന് മാറ്റം കണ്ടിട്ടില്ലെങ്കിലും, ദീർഘകാല മദ്യപാനം നിങ്ങളുടെ കരളിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണെന്ന് മാത്രമല്ല, കാലക്രമേണ അത് നിങ്ങളുടെ ഓർമ്മകുറവിനും കാരണമാകാറുണ്ട്.
അമിത സമ്മർദ്ദം ( Stress and Anxiety): അമിത ജോലി ഭാരം മൂലമോ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണമോ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കടുത്ത ക്ഷീണത്തിലേക്കും മാനസിക പിരിമുറുക്കത്തിലേക്കും നയിച്ചേക്കാം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും നാഡീ ബന്ധങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
അണ്ടറാക്റ്റീവ് തൈറോയിഡ് : (Underactive Thyroid) തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവുമ്പോൾ അത് ഓർമ്മശക്തിയെ ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും കൂടാതെ വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ ഇതിനെ രക്തപരിശോധനയിലൂടെ കണ്ടെത്തി, മരുന്നുപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.
ഇത്തരം മറവി പ്രശ്നങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ തിരഞ്ഞെടുക്കുന്ന ചികിത്സാ രീതിയാണ് മെഡിക്കൽ മെമ്മറി ലോസ് ട്രീട്മെന്റ്സ് (Medical memory loss treatment) എന്നാൽ ഇതിലേക്ക്
കടക്കുന്നതിനു മുൻപേ നമ്മുക്ക് തന്നെ ശീലിക്കാവുന്ന ചെറിയ മാറ്റങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.
പരിഹാര മാർഗങ്ങൾ എന്തൊക്കെ ?
വാലറ്റുകൾ, താക്കോലുകൾ, കണ്ണടകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഒരിടത്ത് തന്നെ സൂക്ഷിക്കാൻ ശീലിക്കുക.
എല്ലാം കുറിച്ചിടാൻ ശീലിക്കുക , തീയതികൾ, ആളുകൾ, സ്ഥലങ്ങൾ, പ്രത്യേക കാര്യങ്ങൾ എന്നിവ ഓർമ്മിക്കാൻ നിങ്ങളുടെ തലച്ചോറിനെ മാത്രം ആശ്രയിക്കാതിരിക്കുക, അതിനായി ഒരു പോക്കറ്റ് നോട്ട്പാഡ്, സ്റ്റിക്കി നോട്ട് അല്ലെങ്കിൽ ഒരു വോയ്‌സ് റെക്കോർഡർ എന്നിവ ഉപയോഗിക്കാവുന്നതാണ്.
ഒരു സമയം ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മൾട്ടിടാസ്കിംഗ് എപ്പോഴും ഗുണം ചെയ്യണമെന്നില്ല, കാരണം തലച്ചോറിന് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയൂ.
കാര്യങ്ങൾ രണ്ടുതവണ മനഃപാഠമാക്കുക. പ്രധാനപ്പെട്ട എന്തെങ്കിലും ഓർമ്മിക്കേണ്ടതുണ്ടെങ്കിൽ, അത് പലതവണ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുക.
Content Highlights: Persistent forgetfulness can affect your daily life and personality