'കാനഡയിൽ സുഖകരമായ ജീവിതമാണെന്ന് പറയുന്നവർ ഇത് കാണുക'; വൈറൽ വീഡിയോയുമായി യുവതി

'കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ കാനഡയിലേക്ക് വരൂ. അല്ലെങ്കിൽ ഇന്ത്യ തന്നെയാണ് നല്ലത്.'

dot image

വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന പല കാഴ്ചകളും സമൂഹ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. യഥാർത്ഥത്തിൽ മറ്റു രാജ്യങ്ങളിലെ ജീവിതം നാം വിചാരിക്കുന്ന അത്ര സുഖകരമാണോ? അമേരിക്ക, കാനഡ പോലുള്ള നഗരങ്ങളിൽ തൊഴിലവസരങ്ങള്‍ നമ്മെ കാത്തിരിക്കുകയാണ് എന്നൊരു ധാരണ പൊതുവിലുണ്ട്. എന്നാൽ, ഇത് സത്യമല്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കാനഡയിലെ ഒരു ഇന്ത്യൻ യുവതി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ.

'പ്രിയപ്പെട്ടവരേ, കാനഡയിൽ സുഖകരമായ ജീവിതമാണെന്നും, ഇവിടെ ഉള്ളവർ പണം വാരിക്കൂട്ടുകയാണെന്നും പറയുന്ന നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ വീഡിയോ കാണിച്കൊച്ടുക്കുക.' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി തന്റെ വീഡിയോ ആരംഭിക്കുന്നത്

താരതമ്യേന വലിയ പരസ്യങ്ങളൊന്നുമില്ലാതെ തന്നെ നടന്ന ഒരു ജോബ് ഫെയറിന് വന്ന ആളുകളെത്രയാണെന്ന് അവര്‍ തന്‍റെ ക്യാമറയിലൂടെ കാണിക്കുന്നുണ്ട്. കാനഡയിൽ തൊഴിൽ അന്വേഷിക്കുന്ന ആളുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണെന്ന് ആ ദൃശ്യങ്ങള്‍ വിളിച്ച് പറയും. വെറും അഞ്ചോ, ആറോ തസ്തികകളിൽ മാത്രം ഒഴിവുള്ള ഒരു ഇന്റേൺഷിപ്പ് പരിപാടിയുടെ അഭിമുഖമായിരുന്നു അവിടെ നടന്നത്. എന്നിട്ടും നൂറുകണക്കിന് ആളുകളാണ് അതിനായെത്തിയത്.

'ഇതൊക്കെയാണ് യഥാർത്ഥത്തിൽ കാനഡയിൽ നടക്കുന്നത്. നിങ്ങളും ഇങ്ങനെ കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ കാനഡയിലേക്ക് വരൂ. അല്ലെങ്കിൽ ഇന്ത്യ തന്നെയാണ് നല്ലത്.' യുവതി തന്റെ വീഡിയോയില്‍ പറയുന്നു. 'വിദേശ രാജ്യങ്ങളിെ ജീവിതം എപ്പോഴും നിങ്ങൾ സ്വപ്‌നം കാണുന്നത് പോലെ മനോഹരമായിരിക്കണമെന്നില്ല. ചിലപ്പോഴൊക്കെ ഇതുപോലെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരും.' അവർ കൂട്ടിച്ചേർത്തു.

സോഷ്യല്‍ മീഡിയയില്‍ യുവതിയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഒരാളുടെ കമന്‍റ് ഇങ്ങനെ. 'സത്യം എന്താണെന്ന് കാണിച്ചു തന്നതിന് നന്ദി. എല്ലാവരും വിദേശ ജീവിതത്തിന്റെ നല്ല വശം മാത്രമാണ് പറയാറുള്ളത്.' വീഡിയോക്ക് താഴെ പല രാജ്യങ്ങളിലെ ആളുകള്‍ തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച അനുഭവങ്ങൾ പങ്കുവക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ പോയി ജീവിക്കുന്ന ഇന്ത്യക്കാർ സ്വർഗീയ ജീവിതമല്ല നയിക്കുന്നതെന്ന് അവർ വ്യക്തമാക്കി. 'യാഥാർത്ഥ്യം മനസിലാക്കും വരെ വിദേശ രാജ്യങ്ങൾ അവസരങ്ങളുടെ നാടാണെന്ന് എല്ലാവരും കരുതും.' പലരും കമന്റ് ബോക്‌സിൽ കുറിച്ചു.

യുവതിയുടെ പോസ്റ്റിനെ വിമർശിക്കുന്ന കമന്റുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 'ഇവിടെ തുടരുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങൾക്ക് കഴിവുകളുണ്ടെങ്കിൽ അവസരങ്ങളുമുണ്ടാകും.' ഒരാൾ കുറിച്ചത് ഇങ്ങനെ. 'ഇത് സത്യമല്ല, ജോലി അന്വേഷിക്കാൻ അറിയാവുന്നവർക്ക് എപ്പോഴും അവസരങ്ങളുമുണ്ട്' മറ്റൊരാൾ തന്റെ അഭിപ്രായം പങ്കുവച്ചു.

Content Highlight; Job Struggle in Canada: Indian Woman’s Clip Goes Viral

dot image
To advertise here,contact us
dot image