പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തില്ലല്ലോ സഖാവെ? ഭവനസന്ദർശനത്തില്‍ പറയേണ്ട മറുപടിയുമായി CPIM

കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സ്വര്‍ണം മോഷ്ടിച്ചയാള്‍ മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിപിഐഎം കുറിപ്പില്‍ പറയുന്നു

പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തില്ലല്ലോ സഖാവെ? ഭവനസന്ദർശനത്തില്‍ പറയേണ്ട മറുപടിയുമായി CPIM
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ശബരിമലയുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ നല്‍കേണ്ട മറുപടി മുന്‍കൂട്ടി തയ്യാറാക്കി സിപിഐഎം. ശബരിമലക്കേസ് ഹൈക്കോടതിയില്‍ വന്ന സന്ദര്‍ഭത്തില്‍തന്നെ കോടതി മേല്‍നോട്ടത്തില് പൊലീസിന്റെ പ്രത്യേക ടീം അന്വേഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് വരെ കോടതിയാണ് ചെയ്യുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ടെന്ന് സിപിഐഎം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സ്വര്‍ണം മോഷ്ടിച്ചയാള്‍ മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിപിഐഎം കുറിപ്പില്‍ പറയുന്നു.

റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലല്ലോയെന്ന ചോദ്യത്തെയും സിപിഐഎം പ്രതിരോധിക്കുന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ പത്മകുമാറിന്റെ തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. കുറ്റപത്രത്തില്‍ അത് വ്യക്തമാകുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി എടുക്കും. കേസില്‍ വിവിധ രാഷ്ട്രീയ നിലപാടുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. മോഷണം നടത്തിയ പ്രതിയും അത് വാങ്ങിയ പ്രതിയും യുഡിഎഫ് കണ്‍വീനര്‍ക്കും ആന്റോ ആന്റണിക്കും ഒപ്പം രണ്ടു തവണ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇത്തരം കേസുകളില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്, ഏതുരാഷ്ട്രീയക്കാരനായാലും തന്ത്രിയായാലും കുറ്റം ചെയ്താല്‍ നിയമത്തിന്റെ മുമ്പില്‍ തെളിവ് സഹിതം കൊണ്ടുവരികയെന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

വീടുകളിലെത്തിയാല്‍ പെരുമാറേണ്ട രീതി സംബന്ധിച്ച് ചില പെരുമാറ്റച്ചട്ടങ്ങളും കുറിപ്പിലുണ്ട്. ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്, ജനങ്ങള്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂര്‍വ്വം മറുപടി നല്‍കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

ചെറിയ സ്‌ക്വാഡുകളായി വീട് കയറണം, വീട്ടുകാരുമായി പരിചയമുള്ളവര്‍ നിര്‍ബന്ധമായും സ്‌ക്വാഡില്‍ ഉണ്ടായിരിക്കണം, വീടിനകത്ത് ഇരുന്ന് സംസാരിക്കാനാണ് ശ്രമിക്കേണ്ടത്, കുടുംബമേധാവികള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന നല്‍കി എല്ലാ അംഗങ്ങളുമായും സംസാരിക്കുന്ന രീതിയാണ് ഉണ്ടാവേണ്ടത്, കുടുംബത്തിന്റെ പൊതുപശ്ചാത്തലം മനസ്സിലാക്കിക്കൊണ്ട് ഇടപെടണം, തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് ചര്‍ച്ച ആരംഭിക്കുന്നതാവും നന്നാവുക, തിരിച്ചടിയുണ്ടായ ഇടങ്ങളാണെങ്കില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതില്‍ വെച്ച് സംസാരം ആരംഭിക്കാം, പൊതുധാരണകളുള്ളയാളാണെങ്കില്‍ തെരഞ്ഞെടുപ്പിലെ പൊതുസ്ഥിതിയിലും ചര്‍ച്ച തുടങ്ങാം, നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയിപ്പിക്കുകയും ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും വേണം. ഇടയ്ക്ക് കയറി സംസാരിക്കരുത്, വിമര്‍ശങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നും നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.

തര്‍ക്കിച്ചു ജയിക്കാനല്ല, മറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ശരിയായ ധാരണകളിലെത്തിക്കാനും ക്ഷമാപൂര്‍വ്വം ഇടപെടണം, നമ്മളുമായി പലവിധ കാരണങ്ങളാല്‍ വിട്ടുപോയ സഖാക്കളുമായി തുറന്ന ചര്‍ച്ച നടത്താന്‍ അവസരം ഒരുക്കണം, തുടര്‍ച്ചയായി ആ വീടുമായി ബന്ധം സ്ഥാപിക്കാനും ശ്രമിക്കണം, വര്‍ഗ്ഗീയ സംഘടനകളെ വിമര്‍ശിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള വിദ്വേഷമല്ല എന്ന കാര്യം വ്യക്തമാക്കാന്‍ അവസരം കിട്ടിയാല്‍ ശ്രമിക്കണം, ആര്‍എസ്എസിനെതിരായ വിമര്‍ശനം ഹിന്ദു വിശ്വാസികള്‍ക്കെതിരല്ലെന്നും ജമാഅത്തെ ഇസ്ലാമിയേയും ലീഗിനേയും വിമര്‍ശിക്കുന്നത് ഇസ്ലാം വിരോധമല്ലെന്നുമുള്ള കാര്യം വ്യക്തമാക്കണം, കാസപോലുള്ള സംഘടനകള്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങളും മനസ്സിലാക്കി പ്രതിരോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പെരുമാറ്റചട്ടത്തില്‍ നിര്‍ദേശിക്കുന്നു.

Content Highlights: CPIM Prepared answer to be given during the house visit over sabarimala and padmakumar

dot image
To advertise here,contact us
dot image