

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 301 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് അടിച്ചെടുത്തു.
ഡാരില്‍ മിച്ചലിന്റെ മിന്നും ബാറ്റിങ്ങാണ് ന്യൂസിലാൻഡിനെ 300 റൺസിലെത്തിച്ചത്. 71 പന്തില്‍ 84 റണ്‍സെടുത്ത മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഓപ്പണർമാരായ ഹെൻറി നിക്കോള്‍സിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും പ്രകടനവും ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ഓപ്പണർമാരായ ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ് എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 117 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ നേടിയത്. നിക്കോൾസ് 69 പന്തിൽ 62 റൺസാണ് നേടിയത്. എട്ട് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കോൺവെ 67 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 56 റൺസും നേടി.
Content Highlights: IND vs NZ, 1st ODI: Daryl Mitchell powers New Zealand posts 300/8 in 50 overs