
ദൈനംദിന ജീവിതത്തിന്റെ ഭാഗമായി പലപ്പോഴും നമുക്ക് പൊള്ളലേല്‍ക്കാറുണ്ട്. അടുക്കളയില്‍ നിന്ന് പാചകത്തിന്റെ ഇടയിലോ വെയിലത്തിറങ്ങുമ്പോള്‍ സൂര്യതാപമേറ്റോ ഇതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പല പൊള്ളലുകളും നമ്മള്‍ നിസാരമായി കാണുന്നുണ്ടെങ്കിലും മുറിവുണ്ടായി ആദ്യ സമയങ്ങളിലെ ചികിത്സ വളരെ പ്രധാനമാണ്. ശരിയായ രീതിയിലുള്ള ചികിത്സ അല്ല നല്‍കുന്നതെങ്കില്‍ ശരീരത്തില്‍ പാടുകള്‍ പിഗ്മെന്റേഷന്‍ തുടങ്ങിയവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്നങ്ങളൊക്കെ നേരിടേണ്ടതായിട്ട് വരുമെന്ന് ഭുവനേശ്വറിലെ മണിപ്പാല്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ്, സൗന്ദര്യശാസ്ത്ര സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ബിശ്വജിത് മിശ്ര പറയുന്നു.
വീട്ടില്‍ സാധാരണയായി ചൂടുവെള്ളമോ എണ്ണയോ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന പൊള്ളലുകള്‍ക്ക് പ്രധാനമായും നമ്മള്‍ ചെയ്യുന്നത് ഐസ്‌കക്യൂബ് എടുത്തു വയ്ക്കുക എന്നതാണ്. എന്നാല്‍ അത്് തെറ്റായ ഒരു പ്രവണതയാണെന്ന് ഡോ മിശ്ര പറയുന്നു. ഐസ് ക്യൂബ് മുറിവില്‍ വയ്ക്കുമ്പോള്‍ രക്തയോട്ടം തടസപ്പെടുകയും മുറിവിന്റെ തീവ്രത കൂടുന്നതിനും ഇത് കാരണമാകുമെന്നും ഡോ മിശ്ര പറയുന്നു. അതു കൊണ്ടു തന്നെ മുറിവുണ്ടായി ആദ്യത്തെ 10-15 മിനിറ്റ് തണുത്ത ഒഴുകുന്ന വെള്ളത്തില്‍ മുറിവ് വയ്ക്കുക. ഇത് വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നതിനൊപ്പം മുറിവിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ചര്‍മ്മം വൃത്തിയുള്ളതും നോണ്‍-സ്റ്റിക്കായ തുണികൊണ്ട് പൊതിയണം
മഷി, ടൂത്ത് പേസ്റ്റ്, വെണ്ണ, പച്ചമുട്ട എന്നിവ പുരട്ടുന്നത് പോലുള്ള സുരക്ഷിതമല്ലാത്ത പരിഹാരങ്ങളെയാണ് പലരും ഇപ്പോഴും ആശ്രയിക്കുന്നത്. ഈ രീതികള്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് ഡോ മിശ്ര പറയുന്നു. ഈ പദാര്‍ത്ഥങ്ങള്‍ ചൂട് വര്‍ധിപ്പിക്കുന്നതിനൊപ്പം മലിനീകരണ സാധ്യതയും വര്‍ധിപ്പിക്കുമെന്നും ഡോക്ടര്‍ പറയുന്നു.
നമ്മള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് സൂര്യതാപമേറ്റിട്ടുള്ള പൊള്ളല്‍. ശരീരത്തില്‍ കുമിളകളായോ ചുവപ്പ് നിറത്തിലൊക്കെയാണ് ഇത് പ്രത്യക്ഷപ്പെടുക. ആവര്‍ത്തിച്ചുള്ള സൂര്യതാപം ക്യാന്‍സറിന് വരെ കാരണമാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ സൂര്യതാപമേറ്റാല്‍ ഉടനടി ജെല്ലുകളോ ക്രീമുകളോ, കറ്റാര്‍ വാഴയോ ഉപയോഗിച്ച് നഷ്ടപ്പെട്ട ഈര്‍പ്പം തിരിച്ചെടുക്കണം. ശരീരരത്തിന് വീണ്ടും ജലാംശം നല്‍കാന്‍ ധാരാളം വെളളം കുടിക്കുകയും വേണമെന്ന് ഡോക്ടര്‍ പറയുന്നു. കൂടാതെ വന്നിരിക്കുന്ന കുമിളകള്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ശരിയായ പ്രഥമശുശ്രൂഷ നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനും ആജീവനാന്ത മുറിവവുകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് ഡോക്ടര്‍ മിശ്ര ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Content Highlights: remedies of burned skin