
പൊട്ടിയ എല്ലുകള്‍ സുഖപ്പെടുത്തുന്ന പശ വികസിപ്പിച്ചെടുത്തതായി ചൈനീസ് ഗവേഷകര്‍. വെറും മൂന്ന് മിനിറ്റുകൊണ്ട് പൊട്ടിയതും തകര്‍ന്നതുമായ അസ്ഥിക്കഷ്ണങ്ങള്‍ മെഡിക്കല്‍ ബോണ്‍ ഗ്ലു എന്ന് പറയുന്ന ഈ പശയ്ക്ക് സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. പൊട്ടലുകള്‍ ശരിപ്പെടുത്തുന്നതിനും ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ കൃത്യമായ സ്ഥലങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനുമായി ഇത്തരത്തില്‍ ഒരു വസ്തു ഉണ്ടായിരുന്നെങ്കില്‍ അനുഗ്രഹമായിരുന്നു എന്ന് കരുതിയിരുന്ന വൈദ്യശാസ്ത്രത്തിന് ഒരു വലിയ മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഗവേഷകരുടെ സംഘമാണ് 'ബോണ്‍ 02' എന്ന ഉല്പന്നം വൈദ്യശാസ്ത്ര ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുത്തുച്ചിപ്പികള്‍ വെള്ളത്തിനടിയിലുള്ള പാലത്തില്‍ അള്ളിപ്പിടിക്കുന്നത് കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പശയുടെ ഗവേഷണത്തിലേക്ക് കടന്നതെന്ന് നേതൃത്വം നല്‍കിയ ലിന്‍ ഷിയാന്‍ഫെങ് പറയുന്നു. സര്‍ റണ്‍ റണ്‍ ഷാ ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് സര്‍ജനാണ് ഇദ്ദേഹം.
രക്തമുള്ളിടത്തുപോലും രണ്ട്, മൂന്ന് മിനിറ്റിനുള്ളില്‍ ഫിസ്കേഷന്‍ കഴിവുള്ളവയാണ് ഈ പശയെന്ന് ലിന്‍ പറയുന്നു. എല്ലുകള്‍ സുഖപ്പെടുന്നതിന് അനുസരിച്ച് ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതാണ് ഈ പ്രത്യേക പശ. അതിനാല്‍ ഇംപ്ലാന്റുകള്‍ നീക്കം ചെയ്യുന്നതിനായി രണ്ടാമതൊരു സര്‍ജറി നടത്തേണ്ടതിന്റെ ആവശ്യകത ഇതിന്റെ ഉപയോഗത്തോടെ ഇല്ലാതാകും.
ലോഹ ഇംപ്ലാന്റുകളെ ഒഴിവാക്കാം
ബോണ്‍ 02 സുരക്ഷയും ഫലപ്രാപ്തിയും ഉറുപ്പുനല്‍കുന്നതായി ലാബ് പരീക്ഷണങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു ട്രയലില്‍ 180 സെക്കന്‍ഡ് അല്ലെങ്കില്‍ മൂന്ന് മിനിറ്റിനുള്ളില്‍ പ്രൊസീജ്യര്‍ പൂര്‍ത്തിയാക്കാനായി സാധിച്ചു. പരമ്പരാഗത ചികിത്സാരീതിയില്‍ സ്റ്റീല്‍ പ്ലേറ്റ് ഇംപ്ലാന്റുകളും സ്‌ക്രൂകളും ഘടിപ്പിക്കുന്നതിനും ഒരുപാട് സമയം വേണ്ടി വരാറുണ്ട്. 150ല്‍ അധികം രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയിച്ചതായാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ലോഹ ഇംപ്ലാന്റുകള്‍ക്ക് പകരം ഉപയോഗിക്കാം, സമയം ലാഭിക്കാം, എന്നതിലുപരി ഇത് സുരക്ഷിതമാണ്. ഈ പശയോടുള്ള ശരീരത്തിന്റെ പ്രതികരണം, അണുബാധയ്ക്കുള്ള സാധ്യതകള്‍ എന്നിവയും വളരെ കുറവാണ്. ശാസ്ത്രജ്ഞര്‍ പറയുന്നു.
നിലവില്‍ പൊട്ടലുകള്‍ ശരിയാക്കുന്നതിനായി ധാരാളം ബോണ്‍ സിമന്റുകളും ബോണ്‍ വോയ്ഡ് ഫില്ലറുകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ പശയുടെ സ്വഭാവമുള്ള ഒന്ന് ലഭ്യമായിരുന്നില്ല. 1940കളിലാണ് ഇത്തരത്തിലുള്ള ഒന്ന് ആദ്യം കണ്ടുപിടിക്കുന്നത്.ജെലാറ്റിന്‍, ഇപോക്‌സി റെസിന്‍, ആക്രിലൈറ്റ്‌സ് എന്നിവയാണ് അത് വികസിപ്പിച്ചെടുക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത്. ബയോകംബാറ്റബലിറ്റി(പ്രതികൂലഫലമുണ്ടാക്കാതെ ശരീരത്തോട് ചേരാനുള്ള കഴിവ്) പ്രശ്‌നങ്ങളെ തുടര്‍ന്ന് അത് ഉപയോഗിക്കുന്നത് തടയുകയായിരുന്നു.
Content Highlights: Chinese Scientists Develop 'Bone Glue' for Instant Fracture Repair