'സാമൂഹിക വിമര്‍ശകനായ എന്നെ വലയ്ക്കുന്നു'; റിനിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി

'സാമൂഹിക വിമര്‍ശകനായ എന്നെ വലയ്ക്കുന്നു'; റിനിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍
dot image

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പേര് പറയാതെ ആരോപണമുയര്‍ത്തിയ യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്ജിനെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കാണ് പരാതി നല്‍കിയത്.

ബഹുമാനത്തോടെയാണ് താന്‍ റിനിയോട് പെരുമാറിയതെന്ന് രാഹുല്‍ പരാതിയില്‍ പറയുന്നു. സാമൂഹിക വിമര്‍ശകനായ തന്നെ വലയ്ക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നതാണ് താന്‍ ഉന്നയിച്ച ചോദ്യമെന്നും രാഹുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യാതൊരു പരാതിയും തന്നെ ഇല്ലെന്ന് റിനി പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സൈബര്‍ ആക്രമണത്തിനെതിരെ റിനി നല്‍കിയ പരാതിയില്‍ കേസെടുക്കും. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദേശം. സൈബര്‍ ആക്രമണത്തില്‍ റിനി മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു റിനിയുടെ പരാതി. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

യുവനേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു. സാധാരണക്കാരായ സ്ത്രീകള്‍ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കി. നിയമവഴികള്‍ ഇല്ല എന്നതിനര്‍ത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ അവര്‍ പറഞ്ഞിരുന്നു. ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി കൂട്ടിച്ചേര്‍ത്തിരുന്നു.

Content HIghlights: Rahul Easwar complaint against Rini Ann George

dot image
To advertise here,contact us
dot image