
നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസം കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച്, അതായത് കൊളസ്‌ട്രോല്‍ നില, രക്തസമ്മര്‍ദം, ബിഎംഐ, മെഡിക്കേഷന്‍, പുകവലിക്കുന്ന സ്വഭാവം, പ്രമേഹം ഇതെല്ലാം നോക്കിയാണ് ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്തുന്നത്. പുതിയ പഠനത്തില്‍ ഹൃദയാരോഗ്യത്തിന്റെ അപകടനില സൂചിപ്പിക്കുക വയസിന്റെ രൂപത്തിലാണ്.
ഇത്തരത്തില്‍ ഹൃദയത്തിന്റെ വയസ് കണക്കാക്കുന്നത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാനുള്ള ഒരു പ്രതിരോധ മാര്‍ഗം കൂടിയാണെന്ന് മുതിര്‍ന്ന ഡോക്ടറായ ഡോ സാദിയ ഖാന്‍ പറയുന്നു. നിങ്ങളുടെ കൃത്യമായ വയസിനെ നിങ്ങള്‍ക്ക് ഹൃദയാഘാതം, സ്ട്രാക്ക് അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യതയുടെ അടുത്ത പത്തുവര്‍ഷത്തേക്കുള്ള വിവരങ്ങളെ സംഖ്യാരൂപത്തിലാക്കി അതുമായി താരതമ്യം ചെയ്യുകയാണിവിടെ ചെയ്യുന്നതെന്നാണ് സര്‍വകലാശാലയിലെ ഗവേഷകര്‍ വിശദീകരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് മനസിലാക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കി ഹൃദ്രോഗങ്ങളെ അകറ്റാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം ഇല്ലാത്ത 14,000 പേരെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. മുപ്പത് മുതല്‍ 70 വരെ പ്രായമുള്ള വ്യക്തികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ ആരോഗ്യത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ശേഖരിച്ച ശേഷം, ഹൃദയത്തിന്റെ വയസ് കണക്കുകൂട്ടി. ഇതിനെ അവരുടെ യഥാര്‍ത്ഥ വയസുമായി താരതമ്യം ചെയ്തു. ഇതില്‍ പലരുടെയും ഹൃദയം അപകടമായ നിലയിലായിരുന്നു. ഇത് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി താരതമ്യം ചെയ്താല്‍ വളരെ കൂടിയനിലയിലാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സ്ത്രീകളില്‍ ഹൃദയത്തിന്റെ ഏകദേശ പ്രായം 55.4 എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍, അവരുടെ യഥാര്‍ത്ഥ പ്രായം 51.3 മാത്രമായിരുന്നു. എന്നാല്‍ പുരുഷന്മാരില്‍ ഇത് യഥാക്രമം, 56.7, 49.7 എന്നീ നിലകളിലാണ് രേഖപ്പെടുത്തിയത്.
അഞ്ച് വയസില്‍ കൂടുതല്‍ വ്യത്യാസം വരുന്ന ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ ഈ പഠനത്തിന് ചില പോരായ്മകള്‍ ഉണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
Content Highlights: What if your Heart is older than you are?