അത്താഴം ഒഴിവാക്കിയാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമോ?

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റും കാലറി അമിതമായി കട്ട് ചെയ്തുകൊണ്ടുള്ള ഡയറ്റും ഭാരം കുറയാന്‍ സഹായിക്കുമെങ്കിലും അത് ശരീരത്തെ ദോഷകരമായിട്ടാണ് ബാധിക്കുക

dot image

അത്താഴം ഒഴിവാക്കിയും പ്രഭാതഭക്ഷണം പഴങ്ങള്‍ മാത്രമാക്കിയും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. തീര്‍ച്ചയായും ഈ ഭക്ഷണക്രമം ഫലം കാണിക്കുമെങ്കിലും ഇത് എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമായിരിക്കണമെന്നില്ല. വ്യക്തികള്‍ക്ക് അനുസരിച്ച് മെറ്റബോളിസവും ആഹാരക്രമവും ആരോഗ്യവുമെല്ലാം വ്യത്യസ്തപ്പെട്ടിരിക്കും. പ്രമേഹം, പ്രിഡയബെറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍ എന്നിവ ഉള്ളവര്‍ ഇത്തരത്തില്‍ വിദഗ്ധരുടെ നിര്‍ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഡയറ്റ് ക്രമീകരിച്ചാല്‍ ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷമായിരിക്കും സംഭവിക്കുക.

അത്താഴം ഒഴിവാക്കുന്നത് ഒരു ദിവസത്തെ കാലറി കുറയ്ക്കാന്‍ സഹായിക്കും. ഇത് ലഭിക്കുന്നതിനേക്കാള്‍ ഊര്‍ജം ചെലവഴിക്കാന്‍ ശരീരം നിര്‍ബന്ധിക്കപ്പെടുന്നതിനാല്‍ ഭാരം കുറവിലേക്ക് നയിക്കും. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഗുണം ഇതാണ്. ചില പ്രത്യേക സമയത്ത് മാത്രമായിരിക്കും ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരിക്കുക. തുടക്കത്തില്‍ ഇത് ഭാരം കുറയാന്‍ സഹായിക്കുമെങ്കിലും പൂര്‍ണമായി അത്താഴം ഒഴിവാക്കുന്നത് ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും. വയര്‍ നിറയാത്തതുകൊണ്ട് വിശപ്പ് അനുഭവപ്പെടാനും ഉറക്കം തന്നെ പോകാനും സാധ്യതയുമുണ്ട്.

ഈ ശീലം പിന്നീട് അര്‍ധരാത്രിയില്‍ സ്‌നാക്‌സ് കഴിക്കുന്ന ശീലത്തിലേക്ക് എത്തിച്ചേക്കാം. പ്രൊട്ടീന്‍, ഫൈബര്‍, അവശ്യ വിറ്റമിനുകള്‍ എന്നിവ നിങ്ങള്‍ക്ക് ലഭിക്കുന്നത് അത്താഴത്തില്‍ നിന്നാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് അത്താഴം ഒഴിവാക്കുന്നത് നിങ്ങളെ പോഷകക്കുറവിന് കാരണമാകും. പ്രമേഹം ഉള്ളവരില്‍ ഇന്‍സുലിന്‍, മെറ്റഫോര്‍മിന്‍ എന്നിവ എടുക്കുന്നവരാണെങ്കില്‍ അത്താഴം കഴിക്കാതെ ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്.

പഴങ്ങള്‍ മാത്രം കഴിച്ച് ഭാരം കുറയ്ക്കാനാകുമോ?

പ്രഭാത ഭക്ഷണത്തിനായി പഴങ്ങള്‍ മാത്രം കഴിക്കുന്നത് ആരോഗ്യപ്രദമായ ഒരു തിരഞ്ഞെടുപ്പായിരിക്കും. ഫലങ്ങളില്‍ പൊതുവെ ഫാറ്റ് കുറവാണ്, നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന കാലറിയുള്ള ഇന്ത്യന്‍ പ്രഭാത ഭക്ഷണമായ ചപ്പാത്തി, പറാത്ത, പൂരി, മധുരമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയേക്കാള്‍ മികച്ചതാണ് എന്തുകൊണ്ടും പഴങ്ങള്‍. ഇത് ദഹനത്തിനും വളരെയധികം സഹായിക്കും.

അതേസമയം, ഇവയില്‍ പ്രൊട്ടീന്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ പെട്ടെന്ന് വിശക്കാനുള്ള സാധ്യത ഏറെയാണ്. തന്നെയുമല്ല ഊര്‍ജവും കുറവായിരിക്കും. ഇന്ത്യയില്‍ പൊതുവായി കണ്ടുവരുന്ന പഴങ്ങള്‍, മാങ്ങ, മുന്തിരി, ചിക്കു എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. പ്രമേഹം ഉള്ളവര്‍, ഫാറ്റി ലിവര്‍ ഉള്ളവര്‍ തുടര്‍ച്ചയായി ഫ്രൂട്‌സ് മീല്‍സ് എടുക്കുന്നത് അതുകൊണ്ടുതന്നെ പ്രോത്സാഹിപ്പിക്കാനാകില്ല. ഫ്രൂട്‌സ് തനിയെ കഴിക്കുന്നതിന് പകരം പുഴുങ്ങിയ മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, ബദാം, പനീര്‍ എന്നിവ ഒപ്പം കഴിക്കുന്നത് നന്നായിരിക്കും.

ഭാരം കുറയാന്‍ കഠിനമായ ഡയറ്റ് സ്വീകരിക്കണോ?

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റും കാലറി അമിതമായി കട്ട് ചെയ്തുകൊണ്ടുള്ള ഡയറ്റും ഭാരം കുറയാന്‍ സഹായിക്കുമെങ്കിലും അത് ശരീരത്തെ ദോഷകരമായിട്ടാണ് ബാധിക്കുക. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് മെറ്റബോളിസം തകരാറിലാകുന്നതിനും ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യും.

ജിമ്മില്‍ പോകാതെ ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കാതെ സമീകൃത ആഹാരം കഴിക്കാനാണ് ഡയറ്റീഷ്യന്‍മാര്‍ നിര്‍ദേശിക്കുന്നത്.

Content Highlights: Is skipping dinner for weight loss okay?

dot image
To advertise here,contact us
dot image