പ്രമേഹം വരാന്‍ സാധ്യതയുള്ളവരാണോ? തടയാന്‍ മാര്‍ഗമുണ്ട്

പ്രീഡയബറ്റിസില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില ഭക്ഷണ ശീലങ്ങള്‍

dot image

പ്രമേഹം വിട്ടുമാറാത്ത ജീവിതശൈലി രോഗമാണ്. രക്തത്തിലുണ്ടാകുന്ന ഉയര്‍ന്ന പഞ്ചസാരയുടെ അളവാണ് പ്രമേഹത്തിനുള്ള കാരണം. പ്രമേഹം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ചികിത്‌സകളിലൂടെയും ഭക്ഷണ ക്രമത്തിലൂടെയും ഇത് നിയന്ത്രിക്കാന്‍ കഴിയും. ഇതിന് മറ്റൊരു വശംകൂടിയുണ്ട് അതായത് നിങ്ങള്‍ക്ക് പ്രമേഹം വരാന്‍ സാധ്യത ഉളളവരാണെങ്കില്‍(കുടുംബ ചരിത്രം, അപകട സാധ്യതാ ഘടകങ്ങള്‍) അപകട സാധ്യത കുറയ്ക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളുണ്ട്.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പോഷകങ്ങളും നാരുകളും അടങ്ങിയ ഭക്ഷണം

ഉയര്‍ന്ന അളവില്‍ പോഷകങ്ങളും നാരുകളും അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളെയാണ് മുഴുവന്‍ ഭക്ഷണങ്ങള്‍ എന്ന് പറയുന്നത്. ചീര, ക്യാബേജ്, ബ്രോക്കോളി തുടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഈ പച്ചക്കറികളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവും ധാരാളം വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ അരിയും ബ്രെഡും കഴിക്കുന്നതിനുപകരം ക്വിനോവ, ഓട്‌സ്, ബ്രൗണ്‍ റൈസ് ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണത്തിലെ നാരുകള്‍ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്ന ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നു. ബീന്‍സ്, പയര്‍, കടല തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക. സംസ്‌കരിച്ച വെളുത്ത ബ്രെഡ്, പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍, പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കണം. അവയില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും അമിത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക

നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹന പ്രക്രിയ വര്‍ധിപ്പിക്കുകയും ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ബെറീസ് (സ്‌ട്രോബെറി, ബ്ലൂബെറി), ആപ്പിള്‍, പിയര്‍ എന്നിവ നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സ്രോതസ്സുകളാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ ക്യാരറ്റും, കോളിഫ്ളവറും, ബ്രസ്സല്‍സ് മുളകളും മികച്ച നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഭക്ഷണങ്ങളിലും സ്മൂത്തികളിലും ചിയ വിത്തുകളോ ഫ്‌ളക്‌സ് സീഡുകളോ ചേര്‍ക്കുമ്പോള്‍ അവയില്‍ നാരുകളുടെയും ഒമേഗ-3 കൊഴുപ്പുകളുടെയും അളവ് വര്‍ദ്ധിക്കും. ബദാം, വാല്‍നട്ട് എന്നിവ അടങ്ങിയ നട്സിലും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന നാരുകളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുക

ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പുകളുടെ സാന്നിധ്യം ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പാചകത്തിന്, വെണ്ണ അല്ലെങ്കില്‍ പൂരിത കൊഴുപ്പ് അടങ്ങിയ എണ്ണകള്‍ക്ക് പകരം ഒലിവ് ഓയില്‍ അല്ലെങ്കില്‍ അവക്കാഡോ ഓയില്‍ ഉപയോഗിക്കുക. നെയ്യ് മിതമായ അളവില്‍ ഉപയോഗിച്ചാലും കുഴപ്പമില്ല. ലഘുഭക്ഷണമായി കഴിക്കുമ്പോള്‍ നട്സും നല്ല കൊഴുപ്പും പ്രോട്ടീനും നല്‍കുന്നു. സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും മത്തിയും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ശരീരത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നല്‍കാന്‍ സഹായിക്കുന്നു. വറുത്ത ഭക്ഷണങ്ങളില്‍ നിന്നോ ഫാസ്റ്റ് ഫുഡുകളില്‍ നിന്നോ ഉള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ നിയന്ത്രിക്കണം, കാരണം അവ പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോഴുള്ള സമയവും പ്രധാനമാണ്

രണ്ടോ മൂന്നോ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം, ദിവസം മുഴുവന്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും. പൂര്‍ണമായി കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രണം ആവശ്യമില്ല. പക്ഷേ നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ മിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കേണ്ടതാണ്. രാത്രി വൈകിയും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് താറുമാറാക്കും. വയറു നിറയുമ്പോള്‍ (പക്ഷേ പൂര്‍ണ്ണമായും നിറയാതെ) നിര്‍ത്തുക.

രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുന്നതിനും ചില ഭക്ഷണങ്ങള്‍ക്ക് സവിശേഷ കഴിവുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡയറ്റ് ചെയ്യുന്നവരാണെങ്കില്‍ ഓട്സ് അല്ലെങ്കില്‍ ചായയില്‍ കറുവപ്പട്ട പൊടി ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് കുതിര്‍ത്ത ഉലുവ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.കയ്പ് രസത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

( ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക)

Content Highlights :Are you at risk of developing diabetes? Is there a way to prevent it?

dot image
To advertise here,contact us
dot image