കാൻസർ സാധ്യത തടയണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ...

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2018ൽ 9.6 ദശലക്ഷം പേരാണ് കാൻസർ ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്

dot image

കഴിഞ്ഞ കാലങ്ങളിലായി മനുഷ്യർ ഏറ്റവുമധികം പേടിക്കുന്ന രോഗമായി കാൻസർ മാറിയിരിക്കുകയാണ്. നമുക്ക് അറിയാവുന്ന കുറച്ച് ആളുകളെ എടുത്താൽ അതിൽ തന്നെ എത്ര കാൻസർ രോഗികളുണ്ടെന്ന് ആലോചിച്ചാൽ ഞെട്ടിക്കുന്ന വിവരം നമുക്ക് കാണാനാവും. മാറിയ ജീവിതശൈലി, ഭക്ഷണശീലം, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങളാണ് രോഗത്തിന്റെ വർധനവിന് കാരമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലോകത്തുണ്ടാകുന്ന മരണങ്ങളുടെ കാരണത്തിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2018ൽ 9.6 ദശലക്ഷം പേരാണ് കാൻസർ ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിരവധി കാരണങ്ങൾ കാൻസറിന് പിന്നിലുണ്ടെങ്കിലും നമുക്ക് എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്ന ഒന്നാണ് ഭക്ഷണം. സമീകൃത ആഹാരത്തിലൂടെ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ബ്രൊക്കോളി

പല അവയവങ്ങളെ ബാധിക്കുന്ന വിവിധതരത്തിലുള്ള കാൻസറുകളുണ്ട്. ഇവയിൽ ഓരോന്നിനും വ്യത്യസ്ത കാരണങ്ങളുമുണ്ട്. പലവിധത്തിലുള്ള കാൻസറുകൾക്ക് കാരണമാകാൻ ക്രൂസിഫെറസ് പച്ചക്കറികൾക്ക് കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഇനത്തിൽപ്പെട്ട ബ്രൊക്കോളിയിൽ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന സൾഫൊറാഫേൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കൂടാതെ ക്രൂസിഫെറസ് പച്ചക്കറികളിൽ പൊതുവായി അടങ്ങിയിട്ടുള്ള ഗ്ലൂക്കോസൈനോലേറ്റ്‌സ് എന്ന സംയുക്തം ബ്രോക്കോളിയിലുമുണ്ട്, ഇതും കാൻസർ കോശങ്ങളെ ശരീരത്തിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കുന്നു.

പ്രധാനമായും മലാശയ കാൻസർ തടയുന്നതിനാണ് ബ്രോക്കോളി സഹായിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാനും ബ്രോക്കോളിക്ക് കഴിയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബെറിപ്പഴങ്ങൾ

ബെറിപ്പഴങ്ങളായ ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയവയിൽ ആന്തോസയാനിൻ പോലുള്ള ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾക്ക് ശരീരത്തിലെ ഓക്‌സീകരണ സമ്മർദം കുറയ്ക്കാനുള്ള കഴിവുണ്ട്, ഇതിലൂടെ കാൻസർ രോഗത്തെ ചെറുക്കാൻ കഴിയുന്നു. മലാശയ അർബുദത്തിന്റെ പിടിയിലായവർക്ക് 7% രോഗശമനമുണ്ടാക്കാൻ ബ്ലൂബെറി പഴത്തിന് കഴിഞ്ഞതായി പഠനങ്ങൾ പറയുന്നു. ബെറിപ്പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വായ, അന്നനാളം, വൻകുടൽ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

കാരറ്റ്

കാരറ്റ് കഴിക്കുന്നത് ശരീര ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് അറിയാമെങ്കിലും കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നത് പുതിയ അറിവല്ലെ? ചില അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളെ ചെറുക്കാൻ കാരറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരറ്റിന് ഓറഞ്ച് നിറം നൽകുന്ന കരോട്ടിനോയിഡുകൾ ഹൃദ്‌രോഗത്തിൽ നിന്നും വിവിധ കാൻസറുകളിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ സഹായിക്കും. കൂടാതെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യവും ശരീരത്തിന് പിന്തുണ നൽകുന്നു. 2018ലെ ഒരു പഠനം കണ്ടെത്തിയത് പ്രകാരം, പ്രോസ്‌റ്റേറ്റ് കാൻസറിനുള്ള സാധ്യത 18 ശതമാനം വരെ കുറയ്ക്കാൻ കാരറ്റിന് കഴിയും.

ഒലിവ് ഓയിൽ

ഇന്ത്യയിലെ ആളുകൾക്ക് അത്ര പരിചയമുള്ള ആളല്ല ഒലിവ് ഓയിൽ. നമ്മുടെ നാട്ടിൽ വെളിച്ചെണ്ണയ്‌ക്കോ മറ്റ് എണ്ണകൾക്കോ ഉള്ളത്ര ജനപ്രീതി ഒലിവ് ഓയിലിനില്ല. എന്നാൽ മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ പ്രധാനിയാണ് ഒലിവ് ഓയിൽ. ഇതിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒലിവ് ഓയിലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇൻഫ്‌ലമേറ്ററി സംയുക്തങ്ങളും ആരോഗ്യത്തിന് പിന്തുണ നൽകുന്നു. കൂടാതെ എക്‌സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓക്‌സീകരണ സമ്മർദം തടയുന്നതിനുള്ള പ്രധാന ആന്റിഓക്‌സിഡന്റാണ്. കാൻസറിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ് ഓക്‌സീകരണ സമ്മർദം. പൊതുവിൽ ഒലിവ് ഓയിൽ ഉപയോഗിക്കാത്ത ആളുകളെ അപേക്ഷിച്ച്, ഉപയോഗിക്കുന്നവരിൽ കാൻസർ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്തനാർബുദം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അർബുദങ്ങൾ തുടങ്ങി പലതരം കാൻസറുകളെ തടയാൻ ഒലിവ് ഓയിലിന് കഴിയും.

Content Highlight; Foods That May Help Reduce Cancer Risk

dot image
To advertise here,contact us
dot image