
ഭാരമുള്ളത് സൗന്ദര്യയില്ലായ്മയാണ് എന്ന ചിന്തയൊക്കെ പണ്ടായിരുന്നു. ഇന്ന് ആരോഗ്യം മാത്രം നോക്കിയാണ് ആളുകള്‍ ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഭാരം കുറയ്‌ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ മാത്രം ഭാരം കുറയ്ക്കുക എന്നതാണ് ഇന്നത്തെ രീതി. സമൂഹം മാറുന്നതിനൊപ്പം ചിന്താഗതികള്‍ക്കും മാറ്റം വരുന്നുണ്ട്. എന്നാല്‍ ആരോഗ്യകരമാണെന്ന് കരുതുന്ന പലതും ആരോഗ്യത്തിന് ഹാനികരമാകുമോ എന്ന് പലരും ചിന്തിക്കാറില്ല. ഇന്റര്‍നെറ്റില്‍ വരുന്നതിനെയെല്ലാം അതേപോലെ വിഴുങ്ങുകയാണ് ചിലരെങ്കിലും ചെയ്യാറ്. അത് പാടില്ല…
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭാരം കുറയ്ക്കാനുള്ള ഡ്രഗ്‌സ്, മരുന്നുകള്‍, സപ്ലിമെന്റുകള്‍ എന്നിവ മാര്‍ക്കറ്റില്‍ സുലഭമാണ്. പക്ഷേ ഇവയെ വിശ്വസിക്കാന്‍ കുറച്ചെങ്കിലും മടിയുള്ളവര്‍ അടുക്കളകളില്‍ നിന്നുള്ള പൊടിക്കൈകള്‍ പരീക്ഷിക്കാറുണ്ട്. ഇന്ത്യക്കാരെ നോക്കുകയാണെങ്കില്‍ 87 ശതമാനം പേരും മരുന്നോ ഡ്രഗ്‌സോ ഒന്നുമില്ലാത്ത ഭാരം കുറയ്ക്കുന്ന രീതികളെ കുറിച്ച് അറിയാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സമൂഹമാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരും ബോളിവുഡ് സെലിബ്രിറ്റികളും പങ്കുവെക്കുന്ന
അടുക്കളയിലെ പൊടിക്കൈകള്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാകാറുണ്ട്. നിലവില്‍ ഭാരം കുറയ്ക്കുന്ന സാധനങ്ങളില്‍ ജനപ്രിയമായി മാറിയിരിക്കുന്നത് കറുവപ്പട്ട(സിനമണ്‍)യാണ്, ഇതിന്റെ ഏറ്റവും വലിയ ആരാധകന്‍ ബോളിവുഡ് താരം ഹര്‍ഷവര്‍ധന്‍ റാണേയാണ്. അദ്ദേഹം കൊഴുപ്പ് ഇല്ലാതാക്കാന്‍ കറുവപ്പട്ട നല്ലൊരു മാര്‍ഗമാണെന്ന് പറയുന്ന പഴയൊരു വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിട്ടുണ്ട്. കറുവപ്പട്ട അഥവാ ദാല്‍ചീനി എന്ന് അറിയപ്പെടുന്ന ഈ സുഗന്ധവ്യജ്ഞനം ഇന്ത്യന്‍ വീടുകളില്‍ മസാല ചായ, ബിരിയാണി എന്നിവ ഉണ്ടാക്കാനും ജലദോഷം, ചുമ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരവുമാണ്.
ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്ടീരിയല്‍, ദഹന സംബന്ധമായ കാര്യങ്ങള്‍ക്കും പരിഹാരമായ കറുവപ്പട്ട ഇന്ത്യന്‍ ഭക്ഷണങ്ങളിലെ സ്ഥിരസാന്നിധ്യമാണെന്ന് ഡയറ്റീഷ്യനായ ഡോ. അര്‍ച്ചന ബത്ര പറയുന്നു. അതേസമയം ന്യൂട്രീഷ്യണിസ്റ്റായ ഖുഷ്ബു ജയിന്‍ ടിബ്‌റിവാല പറയുന്നത് കാര്‍ബോഹൈഡ്രേറ്റ്‌സും പഞ്ചസാരയും കൃത്യമായി കൈകാര്യം ചെയ്യാന്‍ കറുവപ്പട്ടയ്ക്കാകുമെന്നാണ്. സിലോണ്‍ സിനമണാണ് നമ്മള്‍ ഉപയോഗിക്കുന്നതെങ്കില്‍ സിന്നമല്‍ഡീഹൈഡും പോളിഫീനോള്‍സും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കും. ഭക്ഷണശേഷം സിനമണ്‍ ടീ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും നല്ലതാണെന്നാണ് ഖുഷ്ബു പറയുന്നത്.
2020ല്‍ പുറത്ത് വന്ന ഒരു പഠനത്തില്‍ മൂന്ന് ഗ്രാമോളം കറുവപ്പട്ട ദിവസവും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂകോസ് കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ ലെവല്‍ മെച്ചപ്പെട്ട നിലയിലാക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയതായി ഖുശ്ബു ചൂണ്ടിക്കാട്ടുന്നു. കറുവപ്പട്ട കൊണ്ട് മാജിക്കൊന്നും സംഭവിക്കില്ല, പക്ഷേ അത് ഭാരം കുറയ്ക്കുന്നതിന് ഒരു പിന്തുണ മാത്രമാണ് ലഭ്യമാകുകയെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കൃത്യമായി ഭക്ഷണം കഴിച്ച്, ഉറങ്ങി, സ്‌ട്രെസ് നിയന്ത്രിച്ച് മുന്നോട്ട് പോകണമെന്നാണ് ഖുഷ്ബു പറയുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി (കോശങ്ങള്‍ എങ്ങനെ ഇന്‍സുലിനോട് പ്രതികരിക്കുന്നു)യിലും ഉണ്ടാക്കുന്ന
സ്വാധീനമാണ് കറുവപ്പട്ട ഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്നതിന് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്ന കാരണം.
Content Highlights: Is Cinnamon good for Weight loss