
നല്ല മധുരമുള്ള പലഹാരമോ പാനീയമോ കണ്ടാല്‍ ഒന്ന് രുചിച്ച് നോക്കാന്‍ തോന്നാത്തവരായി ആരുമുണ്ടാകില്ല. ഷുഗര്‍ ക്രേവിങ്സ് കുറയ്ക്കണമെന്നോ ഷുഗര്‍ കട്ട് തുടങ്ങണമെന്നോ വിചാരിക്കുമെങ്കിലും പലപ്പോഴും നമുക്ക് അതിന് കഴിയാറില്ല. എന്നാല്‍ മധുരത്തോടുള്ള ഈ ആസക്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാനും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ പിന്നാലെ കൂടാനും കാരണമാകാറുണ്ട്.
മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഒരു പരിഹാരം നമ്മുടെ പ്രകൃതിയില്‍ തന്നെയുണ്ട്. ഉഷ്ണമേഖലാ കാടുകളില്‍ കാണപ്പെടുന്ന ചക്കരക്കൊല്ലി അഥവാ 'ഗുര്‍മര്‍' എന്ന ഔഷധ സസ്യം. സംസ്കൃതത്തില്‍ മധുനാശിനിയെന്നും അറിയപ്പെടുന്ന ഈ സസ്യം ഇലയിലും വേരിലും വരെ ഔഷധഗുണമുള്ളതാണ്.
ഈ ചെടിയുടെ ഇല ചവച്ചിറക്കിയാല്‍ കുറച്ചു നേരത്തേക്കു മധുരം അറിയാന്‍ സാധിക്കില്ല എന്നതാണ് ഒരു പ്രത്യേകത. ചില മരുന്നുകളിലും സപ്ലിമെന്റുകളിലും ഇവയെ വളരെയധികം ഉപയോഗിക്കുന്നു, പ്രത്യേകിച്ചും രോഗപ്രതിരോധ പ്രവര്‍ത്തനം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മര്‍ദ്ദം, ഉത്കണ്ഠ, ദഹനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആളുകളെ ഇത് സഹായിക്കുന്നു.
ചക്കരക്കൊല്ലിയുടെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം?
ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം
ദഹനക്കേട് പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ചക്കരക്കൊല്ലിക്ക് സാധിക്കും, ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ ഇത് സമൃദ്ധമാണ്. ഇത് നിങ്ങളുടെ കുടലിനെ ആരോഗ്യകരവും ദഹനനാളത്തിലെ വിഷവസ്തുക്കളില്‍ നിന്ന് മുക്തവുമാക്കുന്നു. ഇത് ദഹനം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ പോഷകങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ, ഈ സസ്യം മലവിസര്‍ജ്ജനം ക്രമപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
പ്രമേഹരോഗികള്‍ക്കും ഗുണമുള്ള ഗുര്മുര്
ഈ ആയുര്‍വേദ സസ്യം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ ചികിത്സയില്‍ മറ്റ് മരുന്നുകളുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് ഫലപ്രദമായ സപ്ലിമെന്റായി മാറുന്നതിനാല്‍ വിദഗ്ധര്‍ അതിന്റെ പ്രമേഹ വിരുദ്ധ ഗുണങ്ങള്‍ കണ്ടെത്തി .ടൈപ്പ്-2 പ്രമേഹമുള്ളവരില്‍ ചക്കരക്കൊല്ലി രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ഭക്ഷണത്തിന് ശേഷം ഈ അളവ് കുറയ്ക്കുകയും ചെയ്തതായി ഒരു പഠനം തെളിയിച്ചിട്ടുണ്ട്.
മധുരത്തിന്റെ ആസക്തി കുറയ്ക്കുന്നു
ചക്കരക്കൊല്ലി മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്നു. അതിന് കാരണം, ഇത് ജിംനെമിക് ആസിഡ് കൊണ്ട് നിറഞ്ഞിരിക്കുന്നു, അത് മധുരത്തെ കുറയ്ക്കുകയും നിങ്ങളുടെ രുചി മുകുളങ്ങളില്‍ പഞ്ചസാര റിസപ്റ്ററുകളെ തടയുകയും ചെയ്യുന്നു. മധുരപലഹാരങ്ങളിലും മധുരമുള്ള ഇനങ്ങളിലും ഇതിന്റെ സത്ത് ചേര്‍ക്കുകയാണെങ്കില്‍, അത് മധുരത്തിന്റെ അളവ് കുറയ്ക്കും.
ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുന്നു
ശരീരത്തിലെ എല്‍ഡിഎല്‍ 'മോശം' കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ ചക്കരക്കൊല്ലിക്ക് കഴിയും. ഇത് കൊഴുപ്പ് ആഗിരണത്തെയും ലിപിഡിന്റെ അളവിനെയും ഗുണകരമായി ബാധിക്കുന്നു. ഈ രണ്ട് ഘടകങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍, ഈ ആയുര്‍വേദ ഔഷധം ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
Content Highlights: Gurmar, Madhunashini, or sugar killer plant: The plant naturally numbs sugar cravings