
ചൂട് കൂടിയ അന്തരീക്ഷം നമ്മെ ശാരീരികമായി മാത്രമെ ബാധിക്കൂ എന്നായിരുന്നല്ലോ നമ്മുടെ ചിന്ത. എന്നാല്‍ ചൂട് കാലാവസ്ഥ ശരീരത്തെ മാത്രമല്ല മാനസികാവസ്ഥയെയും ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജേര്‍ണല്‍ ഓഫ് അഫക്ടീവ് ഡിസോഡേഴ്സില്‍ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തിലാണ് ചൂട് മാനസികാവസ്ഥയെയും ബാധിക്കുമെന്ന് കണ്ടെത്തിയത്. ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തിരുന്നത്. കാലാവസ്ഥ വ്യതിയാനം ശരീരത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെക്കാള്‍ മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് ഗവേഷണത്തിലൂടെ വ്യക്തമാകുന്നത്.
കാലാവസ്ഥയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് ചൈനയിലെ ഏകദേശം 20,000 കൗമാരക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്. 10നും 18 വയസിനും ഇടയിലുള്ള കുട്ടികളെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്, ഇതില്‍ തന്നെ കുട്ടികളെ വളര്‍ന്ന പ്രദേശം, പഠിക്കുന്ന ക്ലാസുകള്‍, സാമൂഹിക അന്തരീക്ഷം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുന്നു.
പരീക്ഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മാനസികാരോഗ്യവുമായി കാലാവസ്ഥ രണ്ട് തരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ചൂട് കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് വിഷാദം, ഉത്കണ്ഠ എന്നീ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ഉഷ്ണതരംഗ വ്യാപനത്തിന്റെ ഓരോ യൂണിറ്റ് വര്‍ധിക്കുമ്പോഴും വിഷാദത്തിനുള്ള സാധ്യത 13 ശതമാനവും, ഉത്കണ്ഠയ്ക്കുള്ള സാധ്യത 12 ശതമാനവും വര്‍ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കി അവയെ മെച്ചപ്പെടുത്താന്‍ പല കാര്യങ്ങള്‍ ചെയ്യുമ്പോഴും കാലാവസ്ഥ അതിന് പ്രധാന കാരണമാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളെ ചൂട് കാലാവസ്ഥ ഇത്രയും ബാധിക്കുമെന്ന കണ്ടെത്തല്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ മാനസികാരോഗ്യ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന മാറ്റമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
Content Highlight; Heatwaves Linked to Depression and anxiety, Study Finds