
ഭാരം കുറയ്ക്കുന്നതിന്, പ്രമേഹ രോഗിയായതിനാല്‍ അങ്ങനെ പലകാരണങ്ങള്‍ കൊണ്ട് ദൈനംദിന ജീവിതത്തില്‍ നിന്ന് പഞ്ചസാര ആളുകള്‍ ഒഴിവാക്കാറുണ്ട്. ബ്രെഡുകള്‍, ശീതളപാനിയങ്ങള്‍, ബിസ്‌കറ്റുകള്‍ തുടങ്ങി മധുരമടങ്ങിയ
നിരവധി സാധനങ്ങളാണ് നാം നിത്യേന ഉപയോഗിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്താനോ, കുറയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മസ്തിഷ്‌കത്തിന്റെയടക്കം ശരീരത്തിലെ നിരവധി പ്രക്രിയകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ശരീരത്തിലെ ഷുഗറിന്‍റെ അളവ്.
പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലുള്ള മധുരം ശരീരത്തിന് ദോഷകരമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും, മറ്റ് ആരോഗ്യകരമായ ഘടകങ്ങളും ദഹനത്തെയും, ഊര്‍ജോല്‍പ്പാദനത്തെയും ത്വരിതപ്പെടുത്തുന്നതാണ്. എന്നാല്‍ ശീതളപാനിയങ്ങള്‍, ബ്രെഡുകള്‍ തുടങ്ങിയ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ദൈനംദിന ജീവിതത്തില്‍ പഞ്ചസാര ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് അത് ഒഴിവാക്കുക അല്‍പം പ്രയാസകരമായിരിക്കും. എങ്കിലും ഈ വെല്ലുവിളി നേരിട്ട് പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണപ്രദമായിരിക്കും.
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ വയറ്റിലെ ഗുണപ്രദമായ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഇത് ആമാശയത്തില്‍ വീക്കം, ദഹന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു. പഞ്ചസാര കുറയ്ക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
പക്ഷെ പഞ്ചസാര നിര്‍ത്തലാക്കുമ്പോള്‍ ചില താല്‍കാലിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പഞ്ചസാര കഴിക്കുമ്പോള്‍ തലച്ചോറ് ഡോപമൈന്‍ പുറത്തുവിടുന്നു, ഇത് നിങ്ങളെ സന്തോഷിപ്പിക്കുകയും, സംതൃപ്തരാക്കുകയും ചെയ്യും. പെട്ടെന്ന് ഈ ശീലം നിര്‍ത്തുമ്പോള്‍ തലവേദന, മൂഡ് സ്വിങ്‌സസ്, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറച്ച് ദിവസത്തേക്ക് അനുഭവപ്പെട്ടേക്കാം.
പഞ്ചസാര അമിതമായി ഉപയോഗിക്കുന്ന ആളുകളുടെ രുചി മുകുളങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുമ്പോള്‍ പഴങ്ങള്‍, പാല് പോലുള്ളവയുടെ മധുരത്തില്‍ തൃപ്തരാകാന്‍ നമുക്ക് സാധിക്കും.
Content Highlight; Thinking of Quitting Sugar? Here’s What You Should Know