
ഡയറ്റിന്റെ ഭാഗമായോ, പ്രമേഹം മൂലമോ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചവരാണോ നിങ്ങള്‍. ഇപ്പോഴും ഷുഗര്‍ ഫ്രീ, നോ ഷുഗര്‍ ആഡഡ് തുടങ്ങിയ ലേബലിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ. എന്നാല്‍ ഈ ലേബലുകള്‍ എപ്പോഴും ഭക്ഷണത്തില്‍ പഞ്ചസാരയില്ല എന്നാണ് വ്യക്തമാക്കുന്നത് എന്ന് കരുതരുത്. പഞ്ചസാരയുടെ അളവിന് ക്രമീകരിച്ച ഭക്ഷണങ്ങളായിരിക്കും ഇവയെങ്കിലും പൂര്‍ണമായും പഞ്ചസാര ഒഴിവാക്കിയിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍, അവര്‍ അറിയാതെ തന്നെ തങ്ങളുടെ ശരീരത്തിലേക്ക് പഞ്ചസാര എത്തിക്കുകയാണ്. ഷുഗര്‍ ഫ്രീ, നോ ഷുഗര്‍ ആഡഡ് എന്നീ രണ്ട് ലേബലുകള്‍ക്കും ഒരേ അര്‍ത്ഥമാണെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍, 'ഷുഗര്‍ ഫ്രീ' എന്ന ലേബല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിയന്ത്രിതമായ അളവില്‍ മാത്രം പഞ്ചസാര ഉപയോഗിക്കുന്നു എന്നതാണ്. നമ്മള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ പൂര്‍ണമായും പഞ്ചസാര ഒഴിവാക്കുകയല്ല, പകരം കുറഞ്ഞ അളവിലോ, അല്ലെങ്കില്‍ കമ്പനി പാക്കറ്റില്‍ എഴുതിയിരിക്കുന്ന അളവിലോ പഞ്ചസാര നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്.
'നോ ഷുഗര്‍ ആഡഡ്' എന്ന ലേബലില്‍ വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങള്‍ പഞ്ചസാരയുടയോ, മറ്റ് മധുരപദാര്‍ത്ഥങ്ങളുടെയോ അംശം ഭക്ഷണത്തില്‍ ഇല്ല എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍, പഴങ്ങള്‍, പാല് പോലുള്ള ചേരുവയില്‍ നിന്ന് സ്വാഭാവികമായി ഉണ്ടാകുന്ന മധുരം ഉണ്ടായിരിക്കും.
പക്ഷെ എല്ലാ രാജ്യങ്ങളും ഈ നിയമത്തിലല്ല പഞ്ചസാരയുടെ അളവിനെ നിര്‍ണയിക്കുന്നത്. മുകളില്‍ പറഞ്ഞിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളുടെ ലേബലിനെ കുറിച്ചാണ്. ഓസ്‌ട്രേലിയയില്‍ പക്ഷെ പഞ്ചസാര ചേര്‍ക്കാത്ത ഭക്ഷണത്തിന്റെ ലേബലുകള്‍ക്ക് വ്യവസ്ഥകളില്ല.
ഷുഗര്‍ ഫ്രീ ഭക്ഷണത്തില്‍ പലപ്പോഴും കുറഞ്ഞ കലോറിയിലുള്ള മധുരങ്ങളായ എറിത്രൈറ്റോള്‍ പോലെയുള്ള പദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. എറിത്രൈറ്റോളിന്റെ അമിതമായ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഷുഗര്‍ ഫ്രീ ഭക്ഷണങ്ങള്‍ കഴിച്ച് അമിതഭാരം കുറയ്ക്കാന്‍ കഴിയില്ല.
പാക്കറ്റില്‍ എഴുതിയിരിക്കുന്ന ന്യൂട്രീഷന്‍ ഫാക്ട്‌സ് പാനല്‍ ഒന്ന് ശ്രദ്ധയോടെ പരിശോധിച്ചാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ മറഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് നമുക്ക് തന്നെ കാണാനാവും. നിര്‍മ്മാണ സമയത്ത് പഞ്ചസാര ഉപയോഗിച്ചിട്ടില്ലെന്ന് കമ്പനികള്‍ അവകാശപ്പെടുമെങ്കിലും ടോട്ടല്‍ ഷുഗേഴ്‌സ് വിഭാഗം പരിശോധിച്ചാല്‍ ഇതിലെ വ്യത്യാസം മനസിലാക്കാന്‍ സാധിക്കും.
ഇത്തരം കാര്യങ്ങളിലെ ചെറിയ ശ്രദ്ധ പോലും ആരോഗ്യത്തിന് ഗുണം ചെയ്യും. അതുകൊണ്ടുതന്നെ പ്രമേഹം പോലുള്ള അസുഖത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഷുഗര്‍ ഫ്രീ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യില്ല.
Content Highlight; What 'Sugar-Free' and 'No Added Sugar' Really Mean on Food Labels