
മനില: ഫിലിപ്പീൻസിൽ എച്ച്‌ഐവി കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2025 ജനുവരി മുതൽ മാർച്ച് വരെ പുതുതായി 5,101 എച്ച്‌ഐവി കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് ഫിലിപ്പീൻസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 145 പേർ ഈ കാലയളവിൽ എച്ച്‌ഐവി കാരണം മരണപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 95 ശതമാനം പുരുഷന്മാരും, 5 ശതമാനം സ്ത്രീകളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. 4,849 പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത് 252 സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു. യുവാക്കൾക്കിടയിലാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്. 15 വയസിനും 34 വയസിനും ഇടയിലുള്ളവരാണ് രോഗം ബാധിച്ചവരിൽ കൂടുതൽ പേരും.
2025ന്റെ തുടക്കത്തിൽ ഫിലിപ്പീൻസിൽ എച്ച്ഐവി കേസുകളുടെ ശരാശരി എണ്ണം 1,700 ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 50 ശതമാനം കൂടുതലാണ്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, പുതുതായി എച്ച്ഐവി റിപ്പോർട്ട് ചെയ്ത ആളുകളിൽ 96 ശതമാനം പേർക്കും സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2020നും 2025നുമിടയിൽ4,146 എച്ച്ഐവി മരണങ്ങളാണ് ഫിലിപ്പീൻസിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2016 മുതൽ രാജ്യത്ത് പ്രതിവർഷം 500ലധികം എച്ച്ഐവി മരണങ്ങൾ നടന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1984ൽ ആണ് ഫിലിപ്പീൻസിൽ ആദ്യമായി എച്ച്ഐവി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്ന് മുതൽ രാജ്യത്തുടനീളം 148,831 എച്ച്ഐവി രോഗികളും, 9,221 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നതനുസരിച്ച്, ശരീരത്തിലെ പ്രതിരോധശേഷിയെ ബാധിക്കുന്ന വൈറസാണ് എച്ച്ഐവി. എച്ച്ഐവി വൈറസ് ശരീരത്തിലെ ശ്വേത രക്താണുക്കളെ ബാധിക്കുകയും, ഇതിലൂടെ രോഗപ്രതിരോധ സംവിധാനം തകരാറിലാവുകയും ചെയ്യുന്നു. ഇതോടെ കൂടുതൽ രോഗങ്ങൾ എളുപ്പത്തിൽ ബാധിക്കാനും ഇത് മരണത്തിലേക്ക് നയിക്കാനും കാരണമാവും.
Content Highlights: Philippines reports new 5101 HIV cases and 145 deaths Q1 2025