കഞ്ഞിപശ കൊണ്ടൊരു മധുരപലഹാരം; ആത്രേയപുരത്തെ പുത്തരെകുലു

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ആത്രേയപുരം എന്ന ഗ്രാമത്തിലാണ് പുത്തരെകുലു എന്ന് വിളിക്കുന്ന മധുര പലഹാരത്തിന്റെ ഉദയം

എ പി നദീറ
1 min read|19 May 2025, 12:00 pm
dot image

കണ്ടാല്‍ പ്ലാസ്റ്റിക് കടലാസില്‍ ഡ്രൈ ഫ്രൂട്‌സ് പൊതിഞ്ഞു വെച്ചിരിക്കുകയാണെന്നു തോന്നും. പക്ഷെ ഒരുവട്ടം നാവില്‍ വെച്ചാല്‍ പേപ്പര്‍ സ്വീറ്റ്സ് എന്ന അപരനാമമുള്ള ഈ പലഹാരത്തിന്റെ ആരാധകരാകും നിങ്ങള്‍. ആന്ധ്രപ്രദേശാണ് ഈ മധുരപലഹാരത്തിന്റെ ഈറ്റില്ലം .

അരിമാവിന്റെ നേര്‍ത്ത പാടയിലാണ് ഈ മധുര പലഹാരം തയ്യാറാക്കി എടുക്കുന്നത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ആത്രേയപുരം എന്ന ഗ്രാമത്തിലാണ് പുത്തരെകുലു എന്ന് വിളിക്കുന്ന മധുര പലഹാരത്തിന്റെ ഉദയം .

പലഹാരത്തിനു വിജയനഗര സാമ്രാജ്യത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്. അരി വേവിക്കുമ്പോള്‍ കലത്തിനു പുറത്തേക്കു പതഞ്ഞു തൂവിയ പശയില്‍ നിന്നാണ് പുത്തരെകുലുവിന്റെ ജനനം എന്നാണ് പറഞ്ഞു കേട്ട കഥ .

കഞ്ഞിപ്പശയില്‍ ആദ്യ കാലങ്ങളില്‍ തയ്യാറാക്കിയിരുന്ന പുത്തരെകുലു പിന്നീട് കാലത്തിനനുസരിച്ച് കോലം മാറി. ആത്രേയപുരയില്‍ ഒരുകാലത്ത് ഒട്ടുമിക്ക വീടുകളിലും ഗ്രാമവാസികള്‍ ഇത് കൂട്ടമായി തയ്യാറാക്കി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തുകയും ചെയ്തിരുന്നു.

ആത്രേയപുരയ്ക്ക് പുത്തരെകുലുവിന്റെ പേരില്‍ 2023 ല്‍ ഭൗമസൂചിക പദവി ലഭിച്ചിട്ടിട്ടുണ്ട് . ഇതോടെ പ്രദേശവാസികള്‍ ആവേശത്തോടെ ഈ മധുര പലഹാര നിര്‍മാണത്തിലേക്ക് വീണ്ടും കടന്നു . കേട്ടറിഞ്ഞ് സഞ്ചാരികള്‍ ആത്രേയപുരത്തെത്തുകയും ഇതിന്റെ പാചകരീതി പഠിച്ചെടുക്കുകയും ചെയ്യാറുണ്ട്. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ഇന്ത്യയിലെയും വിദേശത്തെയും വന്‍കിട ബേക്കറി ബ്രാന്‍ഡുകളില്‍ നിന്നൊക്കെയാണ് ഓര്‍ഡര്‍ ലഭിക്കുന്നത്. ആന്ധ്രയില്‍ വിശേഷ ദിവസങ്ങളില്‍ തയ്യാറാക്കുന്ന മധുര പലഹാരങ്ങളുടെ കൂട്ടത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ഈ പേപ്പര്‍ സ്വീറ്റ് .

പുത്തരെകുലു തയ്യാറാക്കുന്ന വിധം

അരിമാവ് വെള്ളമൊഴിച്ചു നേര്‍പ്പിച്ചെടുത്ത് നന്നായി ചൂടായ കലത്തിന്റെ മുകളില്‍ ഒഴിച്ചാണ് പുത്തരെകുലുവിനുള്ള സ്റ്റാര്‍ച് പേപ്പര്‍ തയ്യാറാക്കുന്നത്. ഈ താളിലേക്ക് നെയ് പുരട്ടി അതിനു മുകളില്‍ പഞ്ചസാരയോ ശര്‍ക്കര പൊടിയോ വിതറി അതിനു മുകളില്‍ പിസ്ത , ബാദാം , അണ്ടിപ്പരിപ്പ് , ഏലക്ക പൊടി എന്നിവയിട്ട് സ്റ്റാര്‍ച് കടലാസ് ചുരുട്ടി എടുക്കണം. പുത്തരെകുലു തയ്യാര്‍ . കുറച്ചധികം നാള്‍ സൂക്ഷിച്ചു വെച്ചാലും കേടാകില്ല. പരമ്പരാഗത രീതിയിലും കുറച്ചൊക്കെ മോഡേണ്‍ ആയും തയ്യാറാക്കിയ പുത്തരെകുലു വിപണയില്‍ കിട്ടും . ചോക്ലേറ്റ് തേച്ചുപിടിപ്പിച്ചു ചുരുട്ടിയെടുത്ത പുത്തരെകുലുവിനും നാട്ടില്‍ ആവശ്യക്കാരുണ്ട് . ഇന്ത്യയിലുടനീളം ഇപ്പോള്‍ പുത്തരെക്കുലു ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴി വിറ്റഴിക്കപ്പെടുന്നുണ്ട് .

Content Highlights :The sweet dessert called Putharekulu originated in the village of Atreyapuram in the East Godavari district of Andhra Pradesh

dot image
To advertise here,contact us
dot image