കെ ജെ ഷൈനെ അധിക്ഷേപിച്ച് കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്:വിവാദമായതോടെ പിൻവലിച്ചു

വിവാദമായതോടെ സുജിത് പോസ്റ്റ് പിന്‍വലിച്ചു. സംഭവത്തില്‍ കെ ജെ ഷൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

കെ ജെ ഷൈനെ അധിക്ഷേപിച്ച് കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്:വിവാദമായതോടെ പിൻവലിച്ചു
dot image

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ച് കുന്നംകുളത്ത് പൊലീസ് കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണന്റെയും കെ ജെ ഷൈനിന്റെയും പാർട്ടി കൊടിയുടെയും ചിത്രങ്ങളടക്കം ഉപയോഗിച്ചാണ് സുജിത് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയത്. വിവാദമായതോടെ സുജിത് പോസ്റ്റ് പിന്‍വലിച്ചു. സംഭവത്തില്‍ കെ ജെ ഷൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മെറ്റയിൽ നിന്നും വിവരങ്ങൾ തേടി. കേസിലെ പ്രതികളായ കെ എം ഷാജഹാൻ, പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ എന്നിവർക്കായുള്ള അന്വേഷണവും തുടരുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ ഐടി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

സൈബര്‍ ആക്രമണത്തിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അതില്‍ അഭിമാനമുണ്ടെന്നും ഷൈൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'കോണ്‍ഗ്രസ് സംസ്‌കാരം നില നില്‍ക്കണം. എങ്കിലേ ഉയര്‍ന്ന ആശയ ചിന്താഗതികള്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. സ്ത്രീ പുരുഷ ലൈംഗികത നടുറോഡില്‍ വലിച്ചിഴക്കപ്പെടേണ്ടതല്ല' എന്നും ഷൈന്‍ പറഞ്ഞു.സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തയാണെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയും പ്രതികരിച്ചിരുന്നു.

സമൂഹം അപലപിക്കേണ്ട കാര്യമാണിതെന്നും തന്റെ സാമൂഹിക പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തെറ്റായ സംഭവം സത്യമെന്ന് തോന്നിക്കും വിധം കെ എം ഷാജഹാന്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നും ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

'പറവൂരില്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം തിരുവനന്തപുരത്തിരുന്ന് ഷാജഹാന്‍ എങ്ങനെ അറിഞ്ഞു? ഇത് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ബാധ്യത ഷാജഹാനുണ്ട്. സമ്പന്നമായ രാഷ്ട്രീയ ചരിത്രത്തിന് കളങ്കം ഏല്‍പ്പിക്കുന്ന സംഭവമാണിത്. സമൂഹമാധ്യമ ഇടം ദുരുപയോഗം ചെയ്തു. ആരോപണങ്ങള്‍ പടച്ചുവിടുന്നവര്‍ എനിക്കൊരു കുടുംബമുണ്ട് എന്നോര്‍ക്കണം. ഭാര്യയും മക്കളും ഉണ്ട് എന്ന് ഓര്‍ക്കണം', ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlights: VS Sujith facebook post insulting k j shine and k n unnikrishnan mla

dot image
To advertise here,contact us
dot image