Top

വിഴിഞ്ഞം തുറമുഖ സമരം; ബാരിക്കേഡുകൾ തകർക്കാൻ ശ്രമം, ഉന്തും തളളും

18 Aug 2022 8:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം തുറമുഖ സമരം; ബാരിക്കേഡുകൾ തകർക്കാൻ ശ്രമം, ഉന്തും തളളും
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരം കൂടുതൽ ശക്തമാകുന്നു. രാവിലെ ബെെക്ക് റാലിയുമായി എത്തിയ സമരക്കാർ പൊലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാർ പിൻമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ തീരദേശ മേഖലയുടെ പ്രശ്‌നങ്ങൾക്കുള്ള സമഗ്ര പാക്കേജ് പ്രഖ്യാപിക്കാതെ സമരത്തിൽനിന്നു പിന്തിരിയാൻ സമരക്കാർ തയ്യാറല്ലെന്നാണ് സൂചന.

വിഴിഞ്ഞം പദ്ധതി നിർമാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാൻ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതിനായി ബെെക്ക് റാലിയായി സംഘടിച്ച് എത്തിയപ്പോഴാണ് പൊലീസിൻറെ ബാരിക്കേഡ് തകർക്കാണ് ശ്രമിച്ചത്. അതേസമയം, വിഷയത്തിൽ റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചയോടെ ചർച്ചയുണ്ടാകും.

ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നതെന്നും തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്നുമാണ് തീരദേശവാസികൾ ആരോപിക്കുന്നത്. തുറമുഖ നിർമ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും സമരക്കാർ പറഞ്ഞു.

തുറമുഖ പദ്ധതി കാരണം ജോലി നഷ്ടപ്പെട്ടവർക്ക് പുനരധിവാസം, അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ, തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം എന്നീ ആവശ്യങ്ങളാണ് തീരദേശവാസികൾ ഉന്നയിക്കുന്നത്. അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്.

STORY HIGHLIGHTS: Vizhinjam protestors intensified their protest seeking implementation of rehabilitation package

Next Story