Top

വിഴിഞ്ഞം ആക്രമണം: തീവ്രവാദ ബന്ധം തള്ളാതെ എഡിജിപി, 'അന്വേഷണം തുടരുന്നു, ഉടന്‍ അറസ്റ്റ്'

ആക്രമണസംഭവങ്ങളില്‍ തീവ്രവാദബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു

30 Nov 2022 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം ആക്രമണം: തീവ്രവാദ ബന്ധം തള്ളാതെ എഡിജിപി, അന്വേഷണം തുടരുന്നു, ഉടന്‍ അറസ്റ്റ്
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ഇക്കാര്യം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. വിഴിഞ്ഞത്ത് രഹസ്യയോഗം നടത്തിയതും അന്വേഷണപരിധിയിലുണ്ടെന്ന് എഡിജിപി അറിയിച്ചു. നിലവില്‍ വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളില്‍ നടപടികള്‍ തുടരും. പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും എഡിജിപി അറിയിച്ചു.

വിഴിഞ്ഞം ആക്രമണസംഭവങ്ങളില്‍ തീവ്രവാദബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. വിഴിഞ്ഞം സമരസമിതി നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ഇന്നലെ രാത്രി വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളില്‍ യോഗം ചേര്‍ന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്‍പ്പെട്ടവരും യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സ്റ്റേഷന്‍ അടക്കമുള്ള ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളാണ് യോഗം വിലയിരുത്തിയതെന്നും വിവരങ്ങളുണ്ട്. യോഗത്തിലെ വിവരങ്ങളും ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തില്‍ നിന്ന് ഒരുകാരണവശാലും പിന്‍മാറരുത്. അറസ്റ്റിനും വഴങ്ങരുത്. അറസ്റ്റുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കണമെന്നും യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിഴിഞ്ഞം ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 163 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിഐജി ആര്‍ നിശാന്തിനി അറിയിച്ചു. അക്രമങ്ങള്‍ നടത്തിയ പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നിശാന്തിനി അറിയിച്ചിരുന്നു.

Next Story