Top

തെളിഞ്ഞിരിക്കുന്നത് പത്ത് വര്‍ഷത്തിലേറെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍; നിര്‍ണായകമായത് ഡിജിറ്റല്‍ തെളിവുകളുമായുള്ള പ്രോസിക്യൂഷന്‍ വാദം

23 May 2022 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെളിഞ്ഞിരിക്കുന്നത് പത്ത് വര്‍ഷത്തിലേറെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍; നിര്‍ണായകമായത് ഡിജിറ്റല്‍ തെളിവുകളുമായുള്ള പ്രോസിക്യൂഷന്‍ വാദം
X

കൊല്ലം: വിസ്മയ കേസില്‍ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍ കോടതി കിരണിനെതിരെ ചുമത്തിയവയില്‍ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരാണെന്നും കണ്ടെത്തി. സ്ത്രീധന പീഡനം മൂലമുള്ള മരണം 304 (ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ നാളെയാണ് ശിക്ഷ വിധിക്കുക. പത്ത് വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

സ്ത്രീ പീഡനം മൂലമുള്ള മരണം തെളിയിക്കപ്പെട്ടാല്‍ ഐപിസി 304 (ബി) പ്രകാരം ഏഴ് വര്‍ഷത്തില്‍ കുറയാതെയുള്ള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് കിട്ടാവുന്ന പരമാവധി ശിക്ഷ. സ്ത്രീധന പീഡനത്തിന്റെ പേരില്‍ ചുമത്തുന്ന ഐപിസി 48 (എ) പ്രകാരം മൂന്നര വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്ന ഐപിസി 306 പ്രകാരം പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.

ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ ശേഖരിച്ചുള്ള സമഗ്രമായ അന്വേഷണമാണ് കോടതിയില്‍ പ്രോസിക്യൂഷനെ തുണച്ചത്. കിരണില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ശാരീരിക, മാനസിക പീഡനം ഉണ്ടായി എന്ന് തെളിയിക്കാന്‍ ഫോണില്‍ നിന്നു കണ്ടെടുത്ത കിരണിന്റെ തന്നെ ശബ്ദരേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനായി. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചത്. 42 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 108 രേഖകളും നിരവധി ഫോണ്‍ കോള്‍ റെക്കോഡുകളും കോടതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി. സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.

2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

Story Highlight: Vismaya case; Kiran Kumar may jailed for more than 10 years

Next Story