എല്ലാ ഓഡിയോ ക്ലിപ്പുകളും കേള്‍ക്കുമ്പോള്‍ വ്യാപ്തി മനസിലാകുമെന്ന് അമ്മ; പ്രതീക്ഷിച്ച ശിക്ഷയെന്ന് വിസ്മയയുടെ പിതാവ്
കിരണ്‍ കുറ്റക്കാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു
23 May 2022 6:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചെന്ന് വിസ്മയയുടെ പിതാവ് ത്രിമിക്രമന് നായര്‍. കൂടുതലൊന്നും പറയാനില്ല. അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതീക്ഷിച്ച ശിക്ഷ. എനിക്ക് ഒന്നും പറയാനില്ല. വാക്കുകളില്ല. ബാക്കിയെല്ലാം സര് പറയും. സാറിന്റെ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകും.' ത്രിമിക്രമന് നായര്‍ പറഞ്ഞു.
കിരണ്‍ കുറ്റക്കാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ഡിവൈഎസ്പിക്കും മാധ്യമങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി. വിധി വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അമ്മ കൂട്ടിചേര്‍ത്തു. ഇനി ഒരു മകള്‍ക്കും എന്റെ മകള്‍ നേരിട്ട അവസ്ഥ ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു.
'കുറ്റക്കാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷം. വിധി വന്നതിന് ശേഷം പ്രതികരിക്കാം. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ഡിവൈഎസ്പിക്കും മാധ്യമങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി. പരമാവധി ശിക്ഷകിട്ടുമെന്നാണ് പ്രതീക്ഷ എന്റെ മകള്‍ക്ക് സംഭവിച്ചത് പോലെ ആര്‍ക്കും സംഭവിക്കരുതെന്നാണ് പ്രാര്‍ത്ഥന. ശിക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം നാളെ പറയാം. കുറേ ഓഡിയോ ക്ലിപ്പുകളുണ്ട്. രണ്ടോ മൂന്നോ മാത്രമെ പുറത്തുള്ളൂ. എല്ലാം കേള്‍ക്കുമ്പോള്‍ ഇതിന്റെ വ്യാപ്തി മനസ്സിലാവും. എല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.' അമ്മ പറഞ്ഞു.
കൊല്ലം അഡിഷണല്‍ കോടതിയാണ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, (സെക്ഷന്‍ 304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (സെക്ഷന്‍ 306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ നാളെ വിധി പറയും.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളുമാണ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയത്. കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ലഭിച്ചിരുന്നു. ഇതും കേസിലെ നിര്‍ണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാ?ഗത്തിന് വേണ്ടി അഭിഭാഷകന് പ്രതാപ ചന്ദ്രന് പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.
- TAGS:
- Vismaya case
- Verdict
- Kollam