Top

'ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്'; മുഖ്യമന്ത്രി ഇടപെടണമെന്ന് വി മുരളീധരന്‍

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു

24 Jan 2023 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്; മുഖ്യമന്ത്രി ഇടപെടണമെന്ന് വി മുരളീധരന്‍
X

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പ്. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്?', വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്.

രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പ്. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്?

ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച് വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വന്‍വിജയത്തിലും അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണ്.

Story highlights: V Muraleedharan said that Government should be prevent the BBC Documentary screening in Kerala

Next Story