ദേശീയപാതയിലെ കുഴി; മുഹമ്മദ് റിയാസുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് വി മുരളീധരന്
7 Aug 2022 2:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ദേശീയപാതയിലെ തകരാറുകളെക്കുറിച്ച് പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ കുഴികളടയ്ക്കണമെന്ന് അധികൃതരെ അറിയിച്ചിരുന്നെന്ന് പറഞ്ഞ മുഹമ്മദ് റിയാസിന്റെ വാദത്തെ കേന്ദ്രമന്ത്രി തള്ളി.
ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയുമായി നേരിട്ടും ഉദ്യോഗസ്ഥരോട് പലതവണയും ചര്‍ച്ച നടത്തിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത റോഡുകളിലെ കുഴികളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുത്തിത്തിരിപ്പിന് ഇറങ്ങുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. വസ്തുതകള്‍ പറയുന്നത് പഠിപ്പിക്കലായി കാണരുത്. ആരെയും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നേതാവ് തയ്യാറാകരുതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളത് 548 കി.മീ ദേശീയപാതയാണ്. ഏത് വകുപ്പിന്റെ റോഡാണെങ്കിലും കുഴികള്‍ ഉണ്ടാകരുത്. കേരളമുണ്ടായ അന്ന് മുതല്‍ റോഡുകളില്‍ കുഴിയുണ്ടെന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കി നില്ക്കാന് സര്‍ക്കാരിന് സാധിക്കില്ല. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
കാലവര്‍ഷത്തിന് മുമ്പായുള്ള പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല എന്ന പ്രസ്താവന തെറ്റാണെന്നും മന്ത്രി പറഞ്ഞു. 328.16 കോടി രൂപ മുടക്കി പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തികള്‍ നടത്തി. പ്രതിപക്ഷ നേതാവ് തെറ്റായ പ്രവണതകളുള്ളവരുടെ ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകള്‍ നടത്തരുത്. നെടുമ്പാശേരി വിഷയം വന്നപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അല്ല കായംകുളം വിഷയത്തില്‍ ചെന്നിത്തല സ്വീകരിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് ഉത്തരവാദിത്തമെന്ന് മനസിലാക്കി തന്നെയാണ് ചെന്നിത്തല അന്ന് സര്‍ക്കാരിന് ഒപ്പം നിന്നത്. പരസ്പരം പോരാടിച്ചത് കൊണ്ട് കാര്യമില്ല. അതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രശ്നത്തിന് പരിഹാരമാണ് കാണേണ്ടതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.