
തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗ വാർത്തയായിരുന്നു സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റേത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന 'വേട്ടുവം' എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപെട്ടാണ് ഇദ്ദേഹം മരിക്കുന്നത്. ഇപ്പോഴിതാ മോഹൻരാജിന്റെ കുറച്ച് മാസങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. ഇതും ഒരു സിനിമാ ലൊക്കേഷനിൽവച്ചുള്ളതാണ്.
നടനും സംവിധായകനും നൃത്ത സംവിധായകനുമായ രാഘവാ ലോറൻസിന്റെ സഹോദരൻ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തകർന്നുകിടക്കുന്ന കറുത്ത കാറിനുള്ളിൽനിന്ന് ഇറങ്ങി വരുന്ന മോഹൻരാജാണ് വീഡിയോയിലുള്ളത്. കാറിൽനിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുൾപ്പെടെയുള്ള അണിയറപ്രവർത്തകർ ആലിംഗനം ചെയ്ത് അഭിനന്ദിക്കുന്നുണ്ട്. തുടർന്ന് അദ്ദേഹം വേച്ചുകൊണ്ട് ആംബുലൻസിലേക്ക് കയറുകയാണ്.
Stunt driver Mohan raj getting out after performing a successful stunt for a Tamil movie named #Bullet .
— Prashanth Rangaswamy (@itisprashanth) July 14, 2025
He got killed today by performing similar type of stunt for a Tamil movie #Vettuvam .
pic.twitter.com/aqNB0jTJ6V
സമാനരീതിയിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മോഹൻരാജ് അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. നടന്‍ വിശാല്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ അടക്കമുള്ളവര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ പൃഥ്വിരാജ് സുകുമാരനും രംഗത്തെത്തിയിരുന്നു. അതേസമയം സര്‍പട്ട പരമ്പരൈ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് പാ രഞ്ജിത്തും ആര്യയും ചേര്‍ന്ന് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം അടുത്ത വര്‍ഷമാവും തിയേറ്ററുകളില്‍ എത്തുക.
Content Highlights: Mohan Raj's video goes viral on social media