Top

'സഹായിക്കണം, പ്രാര്‍ത്ഥിക്കണം'; ബിജെപി ഓഫീസിലെത്തി വോട്ട് ചോദിച്ച് ഉമാ തോമസ്, സിഐടിയു ഓഫീസിലും പോയിയെന്ന് കോണ്‍ഗ്രസ്

സന്ദര്‍ശനസമയത്ത് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും ഓഫീസിലുണ്ടായിരുന്നു.

23 May 2022 3:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹായിക്കണം, പ്രാര്‍ത്ഥിക്കണം; ബിജെപി ഓഫീസിലെത്തി വോട്ട് ചോദിച്ച് ഉമാ തോമസ്, സിഐടിയു ഓഫീസിലും പോയിയെന്ന്  കോണ്‍ഗ്രസ്
X

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30ഓടെ പാലാരിവട്ടത്തെ ബിജെപി കമ്മിറ്റി ഓഫീസിലാണ് ഉമാ തോമസും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയത്.

സന്ദര്‍ശനസമയത്ത് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും ഓഫീസിലുണ്ടായിരുന്നുയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായിക്കണം, പ്രാര്‍ത്ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ഉമാ തോമസ് ബിജെപി നേതാക്കളെ ഓഫീസിലെത്തി കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായരും ഉമാ തോമസിനൊപ്പമുണ്ടായിരുന്നു. ഓഫീസ് സന്ദര്‍ശനസമയത്ത് സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ചില നേതാക്കള്‍ മാറിനിന്നെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, വോട്ട് ചോദിച്ച് സിഐടിയു ഓഫീസിലും ഉമാ തോമസ് എത്തി. പ്രവർത്തകരോട് കുശലം ചോദിച്ച ശേഷമാണ് ഉമ മടങ്ങിയത്.



തൃക്കാക്കരയില്‍ കോണ്‍ഗ്രസ് നേതാക്കളും കുടുംബവും സിപിഐഎമ്മില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി നിരവധി നേതാക്കളും പ്രവര്‍ത്തകരും സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പതിനെട്ടോളം കോണ്‍ഗ്രസ് നേതാക്കളും കുടുംബവുമാണ് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സിഎ നിഷാദിന്റെയും മുന്‍ യുഡിഎഫ് കൗണ്‍സിലര്‍ ജെഷീന നിഷാദിന്റെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുടുംബ സമേതം സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തൃക്കാക്കര 23ാം വാര്‍ഡ് കമ്പിവേലിക്കകത്ത് ബ്രാഞ്ചുമായാണ് ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക.

നേതാക്കളെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍ അനില്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ്, എഎ അന്‍ഷാദ്, ഷാജി മുഹമ്മദ്, വി വസീഫ്, പി മമ്മികുട്ടി എംഎല്‍എ, കെ എം അഷ്‌റഫ്, സി പി സാജല്‍, കെ എ നജീബ് എന്നിവര്‍ സംസാരിച്ചു.

രാജ്യത്തിന്റെ ഭീഷണിയായ മതവര്‍ഗീയതയെ നേരിടാന്‍ സിപിഐഎമ്മിന് മാത്രമേ കഴിയൂയെന്നും പ്രവര്‍ത്തകര്‍ക്കൊപ്പം അവസാനം വരെ കൂടെ നില്‍ക്കുന്ന പാര്‍ട്ടി സിപിഐഎമ്മാണെന്നും സ്വീകരണത്തിന് പിന്നാലെ സി എ നിഷാദ് പറഞ്ഞു.

Next Story