മുവാറ്റുപുഴ അപ്രോച്ച് റോഡിലെ ഗര്‍ത്തം; ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു
3 Aug 2022 9:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട സാഹചര്യത്തില്‍ ഗതാഗതം നിരോധിച്ചു. തെടുപുഴയില്‍ നിന്ന് വരുന്നവര്‍ ആനിക്കാട് ചാലിക്കാടവ് പാലം വഴി ടൗണ്‍ കടക്കണം. കോട്ടയത്ത് നിന്നുവരുന്നവര്‍ക്ക് നിലവിലെ ഒരുവരി ഗതാഗതം ഉപയോഗിക്കാം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് മാറാടി വഴി തൃക്കളത്തൂരെത്താം.
കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും ഈ വഴി ഉപയോഗിക്കാം. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നഗരത്തിലൂടെയുള്ള യാത്ര ഒഴിവാക്കുക. പെരുമ്പാവൂരില്‍ നിന്ന് വരുന്നവര്‍ ശ്രദ്ധിക്കേണ്ടത്, നെഹ്റു പാര്‍ക്കില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാലിക്കടവ് പാലം കടക്കണം. തുടര്‍ന്ന് കിഴക്കേക്കര വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്താം.
അതേസമയം, പാലത്തിന് സമീപം രൂപപ്പെട്ട ഗര്‍ത്തത്തിന്റെ കാരണം പരിശോധനയില്‍ കണ്ടെത്താനായില്ല. ഗര്‍ത്തം മണ്ണും കോണ്‍ക്രീറ്റുമിട്ട് മൂടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ന് വൈകീട്ടോടെ പാലം ഗതാഗത യോഗ്യമാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എയെ അറിയിച്ചു. താല്‍ക്കാലികമായി റോഡ് ഗതാഗത യോഗ്യമാക്കുന്നതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും അറിയിച്ചു.
STORY HIGHLIGHTS: Traffic control in Muvattupuzha road after big crater formed on Muvattupuzha bridge approach road