Top

കുറുക്കൻമൂലയിൽ പകൽ സമയത്തുമിറങ്ങി കടുവ; ഒരു ആട് കൂടി ചത്തനിലയിൽ; ഇരകളെയൊന്നും കഴിക്കുന്നില്ല

15 Dec 2021 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറുക്കൻമൂലയിൽ പകൽ സമയത്തുമിറങ്ങി കടുവ; ഒരു ആട് കൂടി ചത്തനിലയിൽ; ഇരകളെയൊന്നും കഴിക്കുന്നില്ല
X

കുറുക്കൻമൂലയിൽ പകൽ സമയത്തുമിറങ്ങി കടുവ; ഒരു ആട് കൂടി ചത്തനിലയിൽ; ഇരകളെയൊന്നും കഴിക്കുന്നില്ല വയനാട് കുറുക്കന്‌‍ മൂലമൂലയിൽ വളർത്തു മ‍ൃ​ഗങ്ങളെ പിടിക്കുന്നത് പതിവാക്കിയ കടുവ ഒരു ആടിനെക്കൂടി ആക്രമിച്ചതായി സൂചന.

കുറുക്കൻ മൂല പയ്യമ്പള്ളിയിൽ ഇളയിടത്തു ബേബിയുടെ ആടിനെ ചത്ത നിലയിൽ കണ്ടെത്തി‌. കടുവയുടെ ആക്രമണമാണിതെന്നാണ് കരുതുന്നത്. രാവിലെ എട്ടരയ്ക്കാണ് ആടിനെ പുറത്ത് കെട്ടിയിരുന്നത്. ഇതുവരെ രാത്രി സമയങ്ങളിലായിരുന്നു കടുവയുടെ ആക്രമണം. ഇപ്പോള്‍ പകല്‍ സമയത്തും കടുവ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ ഭീതിയാണ് പ്രദേശവാസികള്‍.

ഇരയെ നിരന്തരം പിടികൂടുന്നുണ്ടെങ്കിലും ഇവയെ കടുവ കഴിക്കുന്നില്ല. ഭൂരിഭാഗം മൃഗങ്ങളെയും ചത്ത നിലയില്‍ കണ്ടെടുത്തപ്പോള്‍ ഇവയുടെ മാംസം കടുവ കഴിച്ചിട്ടില്ലെന്നാണ് വ്യക്തമായത്. ഒരു പക്ഷെ കഴുത്തിലെ മുറിവ് മൂലം കടുവയ്ക്ക് ഇവയെ കഴിക്കാന്‍ പറ്റാത്തതായിരാക്കാം എന്നാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നത്. ഇതുവരെ പതിനാറോളം കന്നുകാലികളെ കടുവ കൊലപ്പെടുത്തിയിട്ടുണ്ട്.

വയനാട് കുറുക്കന്‍ മൂലയില്‍ ഭീതി പരത്തുന്ന കടുവയുടെ നീക്കങ്ങള്‍ അപ്രതീക്ഷിതമാണെന്നാണ് വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറയുന്നത്. സ്വാഭാവിക ഇരതേടാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഒരു കടുവ അതിന്റെ സ്വാധീന പ്രദേശം വിട്ട് പുറത്തേക്ക് ഇറങ്ങുന്നത്. കഴുത്തില്‍ മുറിവേറ്റിട്ടുള്ള കുറുക്കന്‍ മൂലയിലെ കടുവ കാട്ടില്‍ ഇരതേടാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കണം ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story