Top

'ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്'; ഇ ഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് തോമസ് ഐസക്

19 July 2022 2:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്; ഇ ഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുള്ളതിനാല്‍ ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് സിഎജിയും ആദായനികുതി വകുപ്പും ഇ ഡിയും ഒരുമിച്ച് ഇറങ്ങിയതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ പ്ലാന്‍ ഉണ്ടാകുമെന്നും തോമസ് ഐസക് ആരോപിച്ചു.

മസാലബോണ്ട് എടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ആദ്യ ആരോപണം. കിഫ്ബിയെന്നാല്‍ സംസ്ഥാന സര്‍ക്കാരല്ലെന്ന് അദ്ദേഹം പറഞ്ഞു. അതൊരു ബോഡി കോര്‍പ്പറേറ്റാണ്. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തില്‍ ഇത് വ്യക്തമാണെന്നും ഐസക് പറഞ്ഞു.

'ഫെമ നിയമപ്രകാരം വിദേശവായ്പകള്‍ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. ഈ അധികാരം ഉപയോഗിച്ച് റിസര്‍വ് ബാങ്കിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ബോഡി കോര്‍പ്പറേറ്റുകള്‍ക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ട്. അതനുസരിച്ച് 2150 കോടി രൂപയ്ക്കുള്ള മസാലബോണ്ടുകള്‍ ഇറക്കുന്നതിനാണ് 2018 ജൂണ് ഒന്നിന് റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിച്ചത്' തോമസ് ഐസക് പറഞ്ഞു.

2019 ജനുവരി 16ന് ബോഡി കോര്‍പ്പറേറ്റുകള്‍ക്ക് മസാലബോണ്ട് ഇറക്കാനുള്ള അവകാശം ചട്ടം ഭേദഗതിയിലൂടെ ആര്‍ബിഐ എടുത്തു കളഞ്ഞു. ഈ ഭേദഗതി വരുന്നതിന് മുമ്പാണ് കിഫ്ബി മസാലബോണ്ട് ഇറക്കിയത്. അതുകൊണ്ട് ചട്ടഭേദഗതി കിഫ്ബി വായ്പയ്ക്ക് ബാധകമല്ല. കേസില്‍ എരിവും പുളിയും ചേര്‍ക്കാനാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം കൂടി ചേര്‍ക്കാന്‍ ഇ ഡി തീരുമാനിച്ചതെന്നും ഐസക് ആരോപിച്ചു.

പൊതുമേഖല ബാങ്കുകള്‍ വഴി കെവൈസി എല്ലാം പരിശോധിച്ചാണ് മസാലബോണ്ടില്‍ പണം നിക്ഷേപിക്കുന്നത്. ഈ പണം ബാങ്കുകളിലൂടെ പൊതുമേഖലാ നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്‍കും. ഇതില്‍ ഏത് ഘട്ടത്തിലാണ് കള്ളപ്പണം കയറ്റാന്‍ കഴിയുന്നതെന്നും തോമസ് ഐസക് ചോദിച്ചു.

STORY HIGHLIGHT: Thomas Isaac will not appear before ED today

Next Story