ഉത്തരവ് ഉണ്ടായിട്ടും പാലിച്ചില്ല; നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കി പി പി ഷൈജല്‍
സംരക്ഷണം ആവശ്യപ്പെട്ടിട്ടും അവസാന നിമിഷം പൊലിസ് പിന്മാറിയെന്നും ഷൈജല്‍ ആരോപിച്ചു.
14 Feb 2022 9:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോടതി ഉത്തരവ് ഉണ്ടായിട്ടും എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കോടതിയലക്ഷ്യ ഹര്‍ജി നല്കി പി പി ഷൈജല്‍. കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഇന്നലെ നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടതി ഉത്തരവുണ്ടായിട്ടും പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിയുമായി ഷൈജല്‍ കോടതിയെ സമീപിച്ചത്. സംരക്ഷണം ആവശ്യപ്പെട്ടിട്ടും അവസാന നിമിഷം പൊലിസ് പിന്മാറിയെന്നും ഷൈജല്‍ ആരോപിച്ചു.
ഞായറാഴ്ച്ച കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനായി ഷൈജല്‍ എത്തിയിരുന്നുവെങ്കിലും യോഗം നടക്കുന്ന ഹാളിന്റെ വാതില്‍ അടച്ചതിനെ തുടര്‍ന്ന് ഷൈജലിന് പുറത്തു നില്‍ക്കേണ്ടി വന്നിരുന്നു. കോടതി ഉത്തരവ് വാങ്ങി വായിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്ന ആരോപണവും ഷൈജല്‍ ഉയര്‍ത്തി. ഇത് എംഎസ്എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തും ലീഗിന്റെ പ്രാഥമിക അംഗ്വത്വത്തിലും തുടരാമെന്ന കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൈജല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
ഞായറാഴ്ച്ച പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വെള്ളയില്‍ പൊലിസ് അവസാന നിമിഷം പിന്മാറിയെന്നും ഷൈജല്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ ആശയങ്ങളില്‍ ഇഷ്ട്ടപ്പെട്ടാണ് ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഒരിക്കലും പാര്‍ട്ടി വിട്ടു പോകില്ലെന്നും ഷൈജല്‍ കൂട്ടിച്ചേര്‍ത്തു.