Top

​'ഗൂഢാലോചനക്കേസ് റദ്ദാക്കണം'; സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്

12 Jun 2022 2:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്
X

പാലക്കാട്: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്‌ന ഇന്ന് അഭിഭാഷകരെ കണ്ടേക്കും. കൊച്ചിയിലെത്തി അഭിഭാഷകരെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അനാരോഗ്യം മൂലം പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയെന്നാണ് സൂചന.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മൊഴി നല്‍കിയതിലുള്ള പ്രതികാരമാണ് കേസെന്നാണ് സ്വപ്ന പറയുന്നത്.

ഇന്നലെ മാധ്യമങ്ങളുമായി സംസാരിക്കവെ സ്വപ്ന സുരേഷ് കുഴഞ്ഞ് വീണിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് സ്വപ്ന കുഴഞ്ഞ് വീണത്. തനിക്ക് ചുറ്റുമുള്ളവരെ വേട്ടയാടുന്നുവെന്ന് പറഞ്ഞ സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Story Highlight: Swapna Suresh to move high court to cancel case against her

Next Story