Top

'സ്വന്തം അമ്മയെ അല്ലാതെ ആരെയും വിശ്വസിക്കരുത്'; വിജയ് ബാബു വിവാദത്തിൽ പരാതിക്കാരി

3 May 2022 3:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം അമ്മയെ അല്ലാതെ ആരെയും വിശ്വസിക്കരുത്; വിജയ് ബാബു വിവാദത്തിൽ പരാതിക്കാരി
X

കൊച്ചി: നിർമാതാവ് വിജയ് ബാബുവിനെതിരായെ ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് തുടരവെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി പരാതിക്കാരി. സ്വന്തം അമ്മയെ അല്ലാതെ മറ്റൊരാളെയും വിശ്വസിക്കരുതെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.

'just believe in your own amma, not any other' എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പരാതിക്കാരി കുറിച്ചത്. വിജയ് ബാബു വിഷയത്തില്‍ എതിര്‍പ്പറിയിച്ച് കൊണ്ട് അമ്മയുടെ ഐസിസി അംഗത്വം രാജിവെച്ച നടി മാല പാര്‍വതിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രിൽ 22 നാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി യുവതി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

ഇതിനിടെ വിജയ് ബാബു വിവാദം അമ്മ സംഘടനയിൽ പുകയുകയാണ്. 'അമ്മ'യുടെ ഐസിസിയിൽ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. സംഘടനയുടെ വൈസ് പ്രസിഡന്റ്, ഐസി കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോൻ എന്നത് ശ്രദ്ധേയമാണ്.

ഇന്നലെ ശ്വേതാ മേനോൻ ഈ വിഷയത്തിൽ മോഹൻലാലിന് ഒരു ശബ്‍ദ സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിൽ താരത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

story highlight: survivor reacts amid Vijay Babu issue sparks controversy in amma organization

Next Story