Top

'മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടത്?'; അധമ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് സ്വയം തീരുമാനിക്കണമെന്ന് സുരേഷ് ഗോപി

12 Oct 2022 7:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടത്?; അധമ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് സ്വയം തീരുമാനിക്കണമെന്ന് സുരേഷ് ഗോപി
X

ആലപ്പുഴ: ഇലന്തൂർ നരബലി കേസിൽ പ്രതികരണവുമായി മുൻ എം പി സുരേഷ് ഗോപി. സിദ്ധനെന്നു പറഞ്ഞു വരുന്നവരുടെ തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം തിന്മകളെ സമൂഹം മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നം. ഇത്തരം തിന്മകളിൽ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അധമ പ്രവർത്തനങ്ങളിൽ എൻ്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാൽ പ്രശ്നം തീരും. നേരത്തെയും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ജനങ്ങൾ സ്വയം തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം, പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലേക്കും, ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. പ്രതികള്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

ഷാഫി വേറെയും സ്ത്രീകളെ പൂജയില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും എത്തിച്ചത്. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. തമിഴ്നാട് സ്വദേശിയായ പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.

STORY HIGHLIGHTS: Suressh Gopi's response on Elanthoor Incident

Next Story