'സ്വപ്ന സാറിനെ വന്ന് കണ്ടത് എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണന് പറഞ്ഞിട്ട്'; സ്വപ്നയുടെ കൈയ്യില്‍ തെളിവുണ്ടെന്ന് പി സി ജോര്‍ജ് കരുതിയെന്ന് സരിത
എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണന് എന്നയാള്‍ പറഞ്ഞിട്ടാണ് സ്വപ്ന പി സി ജോര്‍ജിനെ വന്ന് കണ്ടിട്ടുള്ളതെന്നും സരിത എസ് നായര്‍ പറഞ്ഞു.
11 Jun 2022 7:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഢാലോചന ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കാം നടന്നതെന്ന് സരിത എസ് നായര്‍. ആ ഘട്ടത്തിലാണ് തന്നെ ഇതില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതെന്നും സരിത എസ് നായര്‍ പറഞ്ഞു. കെ ടി ജലീല്‍ എംഎല്‍എ നല്കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സരിത എസ് നായരുടെ പ്രതികരണം.
സ്വപ്നയ്ക്ക് ഭയമാണെന്നും സ്വപ്നയക്ക് പറയാനുള്ള കാര്യങ്ങള്‍ സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഏറ്റെടുത്ത് സംസാരിക്കണമെന്നുമാണ് പി സി ജോര്‍ജ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. പറയുന്ന എല്ലാ കാര്യത്തിനും അവരുടെ പക്കല്‍ തെളിവുണ്ടായിരുന്നില്ല. തെളിവില്ലാതെ സര്‍ക്കാരിനെതിരെയോ വ്യക്തികള്‍ക്കെതിരെയോ പൊതുജനത്തിന് മുന്നില്‍ എങ്ങനെ സംസാരിക്കും. അങ്ങനെയാണ് താന്‍ അതില്‍ നിന്നും പിന്മാറിയതെന്നും സരിത റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.
സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണം പുറത്ത് വിട്ട വ്യക്തി എന്തുകൊണ്ട് മറ്റ് തെളിവുകള്‍ പുറത്ത് വിടുന്നില്ലെന്ന് സംശയം ഉണ്ട്. അക്കാര്യം തിരക്കിയപ്പോള്‍ ഒന്നര വര്‍ഷമായി കേന്ദ്ര ഏജന്‍സികളുടെ കൈയ്യിലാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും എന്നാണ് പറഞ്ഞത്. അവര്‍ പറഞ്ഞത് ശരിയെങ്കില്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം തെളിവൊന്നും ലഭിക്കാത്തതിനാലായിരിക്കണമല്ലോ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരിലേക്കും എത്താതിരുന്നതെന്നും സരിത ചോദിക്കുന്നു.
എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണന് എന്നയാള്‍ പറഞ്ഞിട്ടാണ് സ്വപ്ന പി സി ജോര്‍ജിനെ വന്ന് കണ്ടിട്ടുള്ളതെന്നും സരിത എസ് നായര്‍ പറഞ്ഞു. 'എച്ച് ആര്‍ഡിഎസിലെ കമ്മ്യൂണിക്കേഷന്റെ പുറത്തായിരിക്കും സ്വപ്ന പി സി ജോര്‍ജിനെ വന്ന് കണ്ടിട്ടുണ്ടാവുക. സ്വപ്നയുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് പി സി ജോര്‍ജ് കരുതി കാണണം. അല്ലെങ്കില്‍ സാറിലെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യത്തിന്റെ പുറത്തുള്ള നീക്കമാണോയെന്നും അറിയില്ല. ഇപ്പോള്‍ ഇടത്തും വലത്തും ഇല്ലാത്ത ആയാളാണ് പി സി ജോര്‍ജ്.' സരിത എസ് നായര്‍ പറഞ്ഞു.
എന്തുകൊണ്ട് സംഘം സരിതയെ കരുവാക്കി എന്ന ചോദ്യത്തിന് തനിക്ക് ജയിലില്‍ കിടന്ന് പരിചയം ഉണ്ടല്ലോ, താനും സ്വപ്നയും അവിടെ വെച്ച് കണ്ടതാണെന്ന് പറഞ്ഞാല്‍ മതിയാവും എന്നാണ് പറഞ്ഞത്. പിസി യുമായി സൗഹൃദം ഉള്ളത് കൊണ്ടാണേയെന്ന് അറിയില്ലെന്നും സരിത വിശദീകരിച്ചു.