ഭഗവൽ സിംഗിന് 10 ലക്ഷത്തിന്റെ ബാധ്യത; വീടും സ്ഥലവും പണയത്തിൽ, നരബലി കടം വീട്ടാനെന്ന് പൊലീസ്
കടം വീട്ടുന്നതിനുളള പണത്തിന് വേണ്ടിയാണ് ഇരുവരും സർവെെശ്വര്യ പൂജ നടത്തതിയെന്നാണ് പൊലീസ് റിപ്പോർട്ട്
13 Oct 2022 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ട: ഇലന്തൂരിൽ നരബലിയിലൂടെ രണ്ടു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപ്പെടാനാകുമെന്ന അന്ധവിശ്വാസത്തോടെയെന്ന് റിപ്പോർട്ട്. രണ്ടാംപ്രതി ഭഗവൽ സിംഗിന് പത്ത് ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് സൂചന. ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് മാത്രം ഭഗവൽ സിങ്ങിനും ഭാര്യയ്ക്കും 7.45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഉളളത്. കടം വീട്ടുന്നതിനുളള പണത്തിന് വേണ്ടിയാണ് ഇരുവരും സർവെെശ്വര്യ പൂജ നടത്തതിയെന്നാണ് പൊലീസ് റിപ്പോർട്ട്.
2015 ൽ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവാണ് മുടങ്ങിക്കിടക്കുന്നത്. വീടും സ്ഥലവും പണയം വെച്ചാണ് സഹകരണ ബാങ്കിൽ വായ്പ എടുത്തിരിക്കുന്നത്. മകൾക്ക് ജോലി ലഭിച്ചതിനു ശേഷം കുറച്ചു തുക തിരികെ അടച്ചിരുന്നതായും ബാങ്ക് അധികൃതർ വ്യക്തമാക്കി. 2022 മാർച്ചിൽ വായ്പ പുതുക്കി എടുത്തു. ഇതിനു പുറമെ മറ്റു ബാങ്കുകളിൽ നിന്നും ചെറിയ തുകയുടെ വായ്പകളും ഭഗവൽ സിംഗ് എടുത്തിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ ബാധ്യത ഭഗവൽ സിംഗിന് ഉണ്ടെന്നാണ് സൂചന.
നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ സമാന രീതിയിൽ മറ്റാരെയെങ്കിലും കെണിയിൽ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികൾ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാൽ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പൊലീസ് സ്വീകരിക്കും.
STORY HIGHLIGHTS: Report that financial burden behind elanthoor incident