Top

എന്നാണ് തിരിച്ചുപോക്കെന്ന് പരിഹാസം; രണ്ടു പേരുടെ പെട്ടിയില്‍ ആണി അടിച്ചിട്ടെന്ന് അന്‍വറിന്റെ മറുപടി

സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്റിലായിരുന്നു പരിഹാസം.

20 Oct 2021 11:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നാണ് തിരിച്ചുപോക്കെന്ന് പരിഹാസം; രണ്ടു പേരുടെ പെട്ടിയില്‍ ആണി അടിച്ചിട്ടെന്ന് അന്‍വറിന്റെ മറുപടി
X

എന്നാണ് ഇനി ആഫ്രിക്കയിലേക്ക് തിരിച്ചു പോകുന്നതെന്ന് പരിഹാസത്തോടെ ചോദിച്ച കോണ്‍ഗ്രസ് അനുഭാവിക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. രണ്ട് പേരുടെ പെട്ടിയില്‍ ആണി അടിച്ചിട്ടേ ഇനി മടങ്ങി പോക്കെന്നാണ് അന്‍വര്‍ നല്‍കിയ മറുപടി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്റിലായിരുന്നു റൗഫ് എന്നയാളുടെ പരിഹാസം.

റൗഫ് പറഞ്ഞത്: കേരളം ഇനി ഞാന്‍ വിട്ടു എന്ന് പ്രഖ്യാപിച്ച ബിസിനെസ്സ്‌കാരന്‍ എന്നാണ് നാട് കണ്ട് തിരിച്ചു പോകുന്നത്.

അന്‍വറിന്റെ മറുപടി: വിഷമിക്കേണ്ട.പോകും മുന്‍പ് ഒന്ന്, രണ്ട് ആളുകളുടെ പെട്ടിയില്‍ ആണി അടിച്ചിട്ടേ പോകൂ..


ഇതിനിടെ, സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും രംഗത്തെത്തി. അന്‍വര്‍ പറഞ്ഞത് സത്യമാണെന്നും വിഡി സതീശന്‍ മണി ചെയിന്‍ തട്ടിപ്പുവീരനാണെന്നും മുന്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പിഎസ് രാജേന്ദ്രപ്രസാദ് വെളിപ്പെടുത്തി. 1991ലാണ് സതീശന്‍ പറവൂരിലെത്തി മണി ചെയിന്‍ തട്ടിപ്പ് നടത്തിയത്. മണി ചെയിനില്‍ ചേര്‍ന്ന ആയിരത്തോളം പേരെ സതീശന്‍ വഞ്ചിച്ചെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

രാജേന്ദ്രപ്രസാദ് പറഞ്ഞത്: ''VD സതീശന്‍ മണിചെയിന്‍തട്ടിപ്പുവീരന്‍. PV അന്‍വര്‍ MLA പറഞ്ഞത് സത്യം. VD സതീശന്‍ പറവൂരില്‍ ആളുകളെ ചേര്‍ക്കാന്‍ തുടക്കം കുറിച്ച ഫോറത്തിന്റെ കോപ്പി. VD സതീശന്‍ രണ്ടുപേരെ മണിചെയിനില്‍ ചേര്‍ത്തു. അവര്‍ ഒരോരുത്തര്‍ രണ്ടുപേരെ വീതംചേര്‍ത്തു. ആ നാലുപേര്‍ രണ്ടു പേരെവീതംചേര്‍ത്തു. അങ്ങിനെയാണ് മണിചെയിന്‍ വളരുന്നത്. കണയന്നൂര്‍ താലൂക്ക്, മരട് വില്ലേജില്‍, നെട്ടൂര്‍ദേശത്ത്, ദരിദ്രവാസി ആയ വടശേരി ദാമോദരന്റെ മകന്‍ VD സതീശന്‍, ഒരുഗതിയും പരഗതിയും ഇല്ലാതെ നടക്കുമ്പോഴാണ് 1991ല്‍ ഒരു പഴയലാമ്പിയും ഓടിച്ച്, മണിചെയിന്‍ തട്ടിപ്പിന് പറവൂരില്‍ ദ്യമായിവരുന്നത്. ഞാന്‍ പറവൂര്‍ സ്വദേശിയും, യൂത്ത്‌കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാക്കമ്മറ്റിയുടെ മുന്‍ ജനറല്‍സെക്രട്ടറി ആണ്. ഞങ്ങളുടെ അടുക്കലാണ് VD സതീശന്‍ മണിചെയിനുമായി വന്നത്.''

''Gifts Up To Rs 2982800 Just For You.. ADDRESS:PERFECT PROGRESS FINANCE & MERCANTILE Co(P)Ltd, Kala Ghoda,Fort Bombay 23' എന്ന അഡസ്സാണ് മണിചെയിനില്‍ പ്രിന്റ്‌ചെയ്തിരുന്നത്. 650രൂപ..250രൂപ. 200രൂപ. 150രൂപ. 100രൂപവീതം 5ഘട്ടം, കൂടാതെ 150രൂപ കമ്പനിക്ക്. 500രൂപ ചേര്‍ക്കുന്ന വ്യക്തിക്കും. ആകെ.2000രൂപക്കുള്ള 7 ഡിഡി ആണ് എടുക്കേണ്ടത്. SBI, ഫെഡറല്‍ബാങ്ക്, ധനലക്ഷ്മി ബാങ്കുകളില്‍നിന്നാണ് ഡിഡി എടുത്തത്. ഓരൊരുത്തരും 5ാം ഘട്ടത്തില്‍ ലക്ഷങ്ങള്‍ കിട്ടി പുറത്തുപോകും. VD സതീശന്റെ പരിധി എത്തിയപ്പോള്‍ ചെയിന്‍ പൊട്ടിച്ച് VDസതീശന്‍ കടന്നുകളഞ്ഞു. അമ്മയുടെ കെട്ടുതാലിപണയം വച്ച് 2000രുപ മുടക്കി മണിചെയിനില്‍ ചേര്‍ന്ന ആലങ്ങാട് സ്വദേശി ജോസ് ഉള്‍പ്പടെ ആയിരങ്ങള്‍വഞ്ചിക്കപ്പെട്ടു.''


ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.വി.അന്‍വര്‍ പറവൂര്‍ കേന്ദ്രീകരിച്ചു നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ വി.ഡി സതീശനു പങ്കുണ്ടെന്ന് ആരോപിച്ചത്. ഇതിന്റെ വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്‍വറിന്റെ ആരോപണത്തെ തള്ളി സതീശനും രംഗത്തെത്തി. ആഫ്രിക്കയിലേക്ക് സ്ഥലംവിട്ടതോടെ ബോധം പോയ അന്‍വറിന് നിലമ്പൂരിലെ പ്രവര്‍ത്തകര്‍ മറുപടി പറയുമെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് തന്റെ ശൈലി അല്ലെന്നും എന്നാല്‍ അന്‍വര്‍ ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ നിരന്തരം അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞിരുന്നു.

Next Story