Top

പി ടി തോമസിന് വിട നല്‍കാന്‍ ആയിരങ്ങള്‍; രാഹുല്‍ഗാന്ധി ടൗണ്‍ഹാളിലെത്തും, മുഖ്യമന്ത്രി കാക്കനാടും

23 Dec 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ടി തോമസിന് വിട നല്‍കാന്‍ ആയിരങ്ങള്‍; രാഹുല്‍ഗാന്ധി ടൗണ്‍ഹാളിലെത്തും, മുഖ്യമന്ത്രി കാക്കനാടും
X

കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി. തോമസിന്റെ പൊതുദര്‍ശനം പുരോഗമിക്കുന്നു. ഇന്നലെ വൈകീട്ട് ഇടുക്കി ഉപ്പുതോടിലെ കൂടുംബവീട്ടില്‍ എത്തിട്ട മൃതദേഹം രാവിലെ പതിനൊന്നോടെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ഡി.സി.സി ഓഫിസ്, എറണാകുളം ടൗണ്‍ ഹാള്‍, ശേഷം തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകും. പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകീട്ട് 5.30ന് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കുന്ന രീതിയിലാണ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നു.

പിടി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് കാക്കനാട് എത്തും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി എം.പി ടൗണ്‍ ഹാളിലെ എത്തിയും ആദരമര്‍പ്പിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ കൃഷ്ണന്‍ കുട്ടി സിനിമ താരം മമ്മുട്ടി തുടങ്ങിയവര്‍ പാലാരിവട്ടത്ത് വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട ആയിരങ്ങളാണ് പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വഴി നീളെ കാത്തുനിന്നിരുന്നത്.

അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി.ടി. തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലും വഴിയോരത്തുമായി എത്തിയത്. ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനം. തുടര്‍ന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.

അര്‍ബുദരോഗ ബാധിതനായി വെല്ലൂരില്‍ ചികില്‍സയിലിരിക്കെയാണ് പി ടിയുടെ അന്ത്യം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് നിലവില്‍ പിടി തോമസ്. 20092014 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്.കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കെപിസിസി. നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ് യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നു ജയിച്ചു. തൊടുപുഴയില്‍ 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനാണ് പിടി തോമസ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ല്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം.

Next Story

Popular Stories