Top

പി ടിക്ക് വിട; സംസ്‌കാരം ഇന്ന്

മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും

23 Dec 2021 1:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ടിക്ക് വിട; സംസ്‌കാരം ഇന്ന്
X

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്. പി ടി തോമസിന്റെ മൃതദേഹം രാവിലെ നാലരയോടെയാണ് ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചത്. അന്തിമോപാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് പി ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കും. എറണാകുളം ഡിസിസിയിലാകും പൊതുദര്‍ശനം.

തുടര്‍ന്ന് ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനം. തുടര്‍ന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.

അര്‍ബുദരോഗ ബാധിതനായി വെല്ലൂരില്‍ ചികില്‍സയിലിരിക്കെയാണ് പി ടിയുടെ അന്ത്യം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് നിലവില്‍ പിടി തോമസ്. 20092014 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്.കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കെപിസിസി. നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നു ജയിച്ചു. തൊടുപുഴയില്‍ 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനാണ് പിടി തോമസ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ല്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം.

Next Story