Top

വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; നിര്‍മാണ മേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍

അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതി പ്രദേശത്തെ കരഭാഗവും നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ വളഞ്ഞത്

22 Aug 2022 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; നിര്‍മാണ മേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍
X

വിഴിഞ്ഞം: വിഴിഞ്ഞത്ത് പ്രതിഷേധം ശക്തമാക്കി സമരസമിതി. കടല്‍ മാര്‍ഗവും കര മാര്‍ഗവും ഉപരോധം തീര്‍ത്തു. തുറമുഖ നിര്‍മാണ മേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ പദ്ധതി പ്രദേശത്ത് കയറി. നൂറുകണക്കിന് സമരക്കാരാണ് വള്ളത്തില്‍ എത്തിയത്.

പൊലീസ് തീര്‍ത്ത ബാരിക്കേഡുകളും സമരക്കാര്‍ തകര്‍ത്തു. അതേസമയം പ്രതിഷേധവുമായി എത്തിയ സമരക്കാരെ പൊലീസ് തടഞ്ഞില്ല. മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം വളഞ്ഞ് പ്രതിഷേധിച്ചത്. അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതി പ്രദേശത്തെ കരഭാഗവും നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ വളഞ്ഞത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് കരയും കടലും ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രം നിര്‍മ്മാണം പുനരാംരംഭിക്കുക. മണ്ണെണ്ണെ സബ്‌സിഡി അനുവദിക്കുക , മത്സ്യത്തൊഴിലാളികള്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങി തങ്ങളുന്നയിച്ച ഏഴ് ഇനം ആവശ്യങ്ങളും അംഗീകരിക്കണമെന്നും അതുവരെ സമരം തുടരുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു.

നേരത്തെ ഫിഷറീസ് മന്ത്രിയുമായി ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ചു ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. മന്ത്രിതല ചര്‍ച്ചയില്‍ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കും വരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

തിരുവനന്തപുരം മുതലപ്പൊഴി ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് പഠനം നടത്തി തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചിരുന്നു. ഇതിനായി ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വകുപ്പ് ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ 192 ഫഌറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story highlights: Protests are strong in Vizhinjam; The protesters broke the lock of the main entrance to the construction area

Next Story