Top

സൂപ്രണ്ടിന്റെ സസ്പെൻഷൻ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം

കൃത്യവിലോപം ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. കെ സി രമേശനെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്

3 Jun 2022 1:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂപ്രണ്ടിന്റെ സസ്പെൻഷൻ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കനക്കുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും. കെജിഎംഒയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരിദിനം ആചരിക്കും. നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുമെന്നാണ് മുന്നറിയിപ്പ്.

കൃത്യവിലോപം ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. കെ സി രമേശനെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രോഗി മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിൽ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തി.

ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ എന്ന അന്തേവാസിയാണ് വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതരിവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാം വാർഡിലെ സെല്ലിൽ താമസിച്ചിരുന്ന ഇയാൾ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. ദിവസങ്ങളുടെ പരിശ്രമം ഇതിനെടുത്തെന്നാണ് പൊലീസ് നിഗമനം. ഭിത്തിയുടെ ബലക്കറുവും അനുകൂലമായി.

Story Highlight: protest in kuthiravattom mental hospital over suspension of superintendent

Next Story