Top

'സര്‍ക്കാര്‍ നടപടി തുടങ്ങി, കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴി ഒരുങ്ങുന്നു'; സന്തോഷമെന്ന് അനുപമ

ശിശുക്ഷേമ സമിതിക്കെതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.

23 Oct 2021 10:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ നടപടി തുടങ്ങി, കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴി ഒരുങ്ങുന്നു; സന്തോഷമെന്ന് അനുപമ
X

കുഞ്ഞിനെ തിരികെ കിട്ടാന്‍ സര്‍ക്കാര്‍ കൊക്കൊണ്ട നടപടിയില്‍ സന്തോഷമെന്ന് അനുപമ. കുട്ടിയെ തിരിച്ച് കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും തന്റെ ആവശ്യം സത്യമാണെന്ന് തെളിയുകയാണെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. അനുപമയുടെ പരാതി വഞ്ചിയൂര്‍ കോടതിയെ സര്‍ക്കാര്‍ അറിയിക്കും. പരാതി കോടതിയെ അറിയിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് അനുപമയുടെ പ്രതികരണം.

അതേസമയം ശിശുക്ഷേമ സമിതിക്കെതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു. സമരം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും കോടതിയെ അറിയിക്കാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ദത്ത് നടപടികൾ നിർത്തിവെച്ചന്നും സർക്കാർ കോടതിയെ അറിയിക്കും. വിഷയത്തിൽ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെടും.

കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ വകുപ്പിനും പൊലീസിനും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കാന്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ സിഡബ്ല്യുസിക്ക് വീഴ്ച്ച പറ്റിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ താല്‍കാലികമായി നിർത്തിവെയ്ക്കാനും സർക്കാർ ഉത്തരവിട്ടതായാണ് വിവരം.

ഇതിനിടെ ദത്തിന്റെ വിശദാംശങ്ങള്‍ തേടി സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറു പേരെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കുമെന്നും അധികൃതർ അറിയിച്ചു.

Next Story